
ലോകകപ്പിന് പിന്നാലെ മറ്റൊരു നേട്ടവും സ്വന്തമാക്കി ജെമീമ റൊഡ്രിഗസ്
ഒറ്റദിവസം കൊണ്ട് താരപദവിയില്‍ വൻകുതിപ്പ് നടത്തിയ ക്രിക്കറ്ററാണ് ജെമീമ റൊഡ്രീഗസ്. ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിലെ ഒറ്റയാള്‍ പോരാട്ടമാണ് ജെമീമയെ താരപദവിയിലെത്തിച്ചത്.
ഇന്ത്യൻ വനിതകള്‍ ചരിത്രത്തിലാദ്യമായി ലോകകപ്പ് നേടിയതോടെ നിരവധി പരസ്യ ബ്രാൻഡുകള്‍ കോടികളാണ് ഇന്ത്യയുടെ പുതിയ സെൻസേഷന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ലോകകപ്പ് നേട്ടത്തിന് പിന്നാലെ മറ്റൊരു സന്തോഷവും ജെമീമയുടെ ജീവിതത്തിലുണ്ടായിരിക്കുകയാണ്.
നവി മുംബയില്‍ പുതിയ വീട് വാങ്ങിയിരിക്കുകയാണ് താരം. കോടികള്‍ മുടക്കിയാണ് വാഷി മേഖലയില്‍ ജെമീമ പുതിയ ഫ്ലാറ്റ് വാങ്ങിയത്. നേരത്തെ ബാന്ദ്രയിലായിരുന്നു താരം താമസിച്ചിരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഫ്ലാറ്റിന്റെ കൃത്യമായ മേല്‍വിലാസം പുറത്തുവിട്ടിട്ടില്ല.
വീട് എന്നതിലുപതി തന്റെ ക്രിക്കറ്റ് കരിയറിന്റെ ഭാവിയും മുൻനിറുത്തിയാണ് ജെമീമ നവി മുംബയില്‍ ഫ്ലാറ്റ് സ്വന്തമാക്കിയത്. ബാന്ദ്രയില്‍ നിന്ന് വ്യത്യസ്തമായി ഉന്നത നിലവാരമുള്ള സ്പോർട്സ് കോംപ്ലക്സുകള്‍, പ്രാക്ടീസ് നെറ്റ്സ്, പരിശീലന കേന്ദ്രങ്ങള്‍ എന്നിവ വാഷിയിലുണ്ടെന്നതും താരത്തെ ഇവിടേക്ക് ആകർഷിച്ചു. തിരക്ക് കുറഞ്ഞ ട്രാഫിക്ക്, വൃത്തിയുള്ള അന്തരീക്ഷം, പ്രധാന സ്റ്റേഡിയങ്ങളിലേക്ക് എളുപ്പത്തിലുള്ള കണക്ടിവിറ്റി എന്നിവ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ താരത്തിന് സഹായകമാകും. ജെമീമയുടെ ക്രിക്ക്റ്റ് കരിയറിലെ ഒരു നാഴികക്കല്ലായാണ് ഈ റിയല്‍ എസ്റ്റേറ്റ് വിലയിരുത്തപ്പെടുന്നത്. ആഡംബരവും ക്ലാസും ഒരുമിക്കുന്ന ഇടമാണ് ജെമീമയുടെ പുതിയ വീടെന്നാണ് റിപ്പോർട്ടുകള്‍. മിനിമലിസ്റ്റിക് ശൈലീയാണ് വീടിന്റെ ഇന്റീരിയറിന് ഉപയോഗിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ട്രോഫികള്‍, മാച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്നിവയും ഗിറ്റാറും കലാസൃഷ്ടികളും വീടിനെ അലങ്കരിക്കുന്നു
