
ഇന്ത്യയിലെ വിസ സേവനങ്ങള്‍ നിര്‍ത്തിവച്ച് ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിസ സേവനങ്ങള്‍ നിര്‍ത്തിവച്ച് ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍. ബംഗ്ലാദേശിലെ ചിറ്റഗോങ് അസിസ്റ്റന്റ് ഹൈക്കമ്മീഷനില്‍ നിന്നുള്ള വിസ സര്‍വീസ് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിറുത്തി വയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെ നടപടി.
ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാല്‍ ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനില്‍ നിന്നുള്ള എല്ലാ കോണ്‍സുലാര്‍, വിസ സേവനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു എന്നാണ് ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ ഓഫീസിന് പുറത്ത് ഒട്ടിച്ച നോട്ടീസില്‍ ഉള്ളത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ബംഗ്ലാദേശിലെ യുവ നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ കലാപത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീണത്. ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നു എന്ന് ഇടക്കാല സര്‍ക്കാരിലെ ചിലര്‍ പ്രചരിപ്പിച്ചതാണ് ഇന്ത്യ വിരുദ്ധ പ്രകടനങ്ങള്‍ക്ക് ഇടയാക്കിയത്. എന്നാല്‍ ബംഗ്ലാദേശ് പൊലീസ് തന്നെ ഈ വാദം തള്ളി രംഗത്തെത്തിയിരുന്നു. ഒരു തെളിവും ഇതിനില്ല എന്നാണ് ബംഗ്ലാദേശ് സ്‌പെഷ്യല്‍ ബ്രാഞ്ച് മേധാവി ഖന്‍ഡേക്കര്‍ റഫീഖുല്‍ ഇസ്ലാം പ്രതികരിച്ചത്
