
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു
മുംബൈ: ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നല്‍കിയ മുതിര്‍ന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് പൂനയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് പൂനയിലെ വൈകുണ്ഡ് ശ്മശാനത്തില്‍.
ആറ് പതിറ്റാണ്ടോളം നീണ്ട തന്റെ ശാസ്ത്ര ജീവിതത്തില്‍ എന്നും ഒരു ജനപക്ഷ ശാസ്ത്രജ്ഞന്‍ ആയിട്ടാണ് അദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. ആദിവാസികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അദേഹം, പരിസ്ഥിതി സംരക്ഷണത്തില്‍ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വാദിച്ചു. 2024 ല്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം അദേഹത്തെ ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് ആയി തിരഞ്ഞെടുത്തിരുന്നു.
1942 മെയ് 24 ന് പൂനയിലായിരുന്നു ജനനം. അമ്മ പ്രമീള. അച്ഛന്‍ സാമ്പത്തികശാസ്ത്ര വിദഗ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗില്‍. നാസ്തികനായ ധനഞ്ജയ് ജാതിയുടെ അടയാളമാണെന്ന കാരണത്താല്‍ അദേഹത്തിന്റെ കുട്ടികളുടെ പൂണൂല്‍ ചടങ്ങ് നടത്തിയില്ല. പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മുംബൈയില്‍ നിന്നും ജീവശാസ്ത്രം പഠിച്ച ശേഷം മാധവ് ഗണിത പരിസ്ഥിതി ശാസ്ത്രത്തില്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി
