സംസ്ഥാനത്ത് പ്രതിമാസം നടക്കുന്നത് അറുപത്തിനാലായിരത്തിലധികം ഡയാലിസിസുകൾ

0

സംസ്ഥാനത്ത് വൃക്കരോഗികളുടെ ചികിത്സാ ആവശ്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിപുലീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ രോഗികൾക്ക് ആശ്വാസമായി എല്ലാ തലത്തിലുമുള്ള ആശുപത്രികളിൽ ഈ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

മെഡിക്കൽ കോളേജുകൾക്ക് പുറമേ സംസ്ഥാനത്തെ 112 സർക്കാർ ആശുപത്രികളിൽ നിലവിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ആകെ 1,287 ഡയാലിസിസ് മെഷീനുകളാണ് വിവിധ സർക്കാർ ആശുപത്രികളിലായി സജ്ജീകരിച്ചിട്ടുള്ളത്. ഇതുവഴി പ്രതിമാസം 64,000 ൽ അധികം ഡയാലിസിസ് ചികിത്സകൾ ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നു.

സ്വകാര്യ മേഖലയിൽ ഡയാലിസിസ് ചികിത്സയുടെ ഓരോ സെഷനും 1,500 മുതൽ 2,000 രൂപ വരെയാണ് ഈടാക്കുന്നത്. ഒരാഴ്ചയിൽ മൂന്ന് പ്രാവശ്യം ചെയ്യുമ്പോൾ 4500 രൂപയും ഒരു മാസത്തേക്ക് 18,000 രൂപയുമാകും. എന്നാൽ സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് ചികിത്സ പൂർണമായും സൗജന്യമായോ മിതമായ നിരക്കിലോ ആണ് ലഭ്യമാക്കുന്നത്.

സംസ്ഥാനത്തെ ആശുപത്രികളിൽ ഡയാലിസിസ് ഉൾപ്പെടെയുള്ള സ്പെഷ്യാലിറ്റി സേവനങ്ങൾ ‘ആർദ്രം’ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപ്പിലാക്കുന്നത്. താലൂക്ക് ആശുപത്രി തലത്തിൽ നിന്ന് മുകളിലോട്ടുള്ള ആശുപത്രികളിലാണ് പ്രധാനമായും ഇത്തരം സേവനങ്ങൾ ഒരുക്കുന്നത്. ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം ലഭിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം, ശുചിത്വം, ജല-വൈദ്യുതി ലഭ്യത എന്നിവ ആർദ്രം പദ്ധതിയുടെ ഭാഗമായി കർശനമായി ഉറപ്പാക്കുന്നുണ്ട്.

ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര, ദുർഘട പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വാഹനങ്ങളിൽ സജ്ജീകരിക്കുന്ന ഡയാലിസിസ് മെഷീനുകൾ വഴി രോഗികൾക്ക് സമീപ കേന്ദ്രങ്ങളിലെത്തി ചികിത്സ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

You might also like