
സ്‌കൂളില്‍ ഇനി ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങള്‍; വന്‍ പ്രഖ്യാപനങ്ങളുമായി മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സുപ്രധാന ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.
ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്ന നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും പുതിയ ഫയലുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കാനും യോഗം നിര്‍ദേശിച്ചു. ഫയല്‍ തീര്‍പ്പാക്കല്‍ നടപടികള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും അഡീഷണല്‍ ഡയറക്ടറും നേരിട്ട് നേതൃത്വം നല്‍കിക്കൊണ്ട് തുടര്‍ പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറണം.
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയ ഭരണഘടനാ ആമുഖം സ്‌കൂളുകളിലെ സ്‌പെഷ്യല്‍ അസംബ്ലികളില്‍ വായിക്കണം. സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി നിലവില്‍ സൗകര്യമുള്ള സ്‌കൂളുകളിലും ഇനി പണികഴിപ്പിക്കാന്‍ പോകുന്ന കെട്ടിടങ്ങളിലും ബാക്‌ബെഞ്ചര്‍ സംവിധാനം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പുതിയ കെട്ടിടങ്ങളുടെ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ എല്ലാ ക്ലാസ് മുറികളിലും ഫാനും പ്രധാന മുറികളില്‍ എസിയും നിര്‍ബന്ധമായും ഉള്‍പ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടും.
മൂന്ന് നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളില്‍ ലിഫ്റ്റ് സൗകര്യവും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി റാമ്പും പ്ലാനില്‍ ഉള്‍പ്പെടുത്തും. സ്‌കൂള്‍ വിനോദയാത്രകളില്‍ സാമ്പത്തിക പ്രയാസം മൂലം ഒരു കുട്ടിയും വിട്ടുപോകുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി നിര്‍ദേശിച്ചു
