
ചന്ദ്രനിലെ മണ്ണില്‍ നിന്നും ഓക്‌സിജൻ; നാസയുടെ നിര്‍ണായക പരീക്ഷണം വിജയം
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും പങ്കാളികളും ചേർന്ന് ചന്ദ്രന്റെ ഉപരിതല മണ്ണില്‍ നിന്ന് ഓക്സിജൻ പുറത്തെടുക്കാൻ സൗരോർജത്തെ ഉപയോഗിക്കുന്ന പുതിയ പ്രോട്ടോടൈപ്പ് സംവിധാനം വിജയകരമായി പരീക്ഷിച്ചു.
മനുഷ്യരുടെ സ്ഥിര താമസം ചന്ദ്രനില്‍ സ്ഥാപിക്കുന്നതിനുള്ള നിർണായക ഘട്ടമായാണ് ഈ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്. ചന്ദ്രന്റെ മണ്ണില്‍ ഓക്സിജൻ സ്വതന്ത്ര രൂപത്തില്‍ ഇല്ല. ചന്ദ്ര ഉപരിതല വസ്തുക്കളില്‍ ഓക്സിജൻ ധാതു ബോണ്ടുകളില്‍ ബന്ധിപ്പിച്ചിരിക്കുന്ന നിലയിലാണ് ഓക്സിജൻ ഉള്ളത്. ഈ ബോണ്ടുകളെ തകർത്താണ് ഓക്സിജൻ പുറത്തെടുക്കേണ്ടത്.
‘കാർബോതെർമല്‍ റിഡക്ഷൻ ഡെമോണ്‍സ്ട്രേഷൻ’ (CaRD) എന്നറിയപ്പെടുന്ന പദ്ധതിയിലൂടെ നാസ സൗരോർജം കേന്ദ്രീകരിച്ച് ഉയർന്ന ചൂട് സൃഷ്‍ടിക്കുന്നു. വലിയ കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശം ശേഖരിച്ച് റിയാക്ടറില്‍ ചന്ദ്രനിലെ മണ്ണിനെ ചൂടാക്കുന്നു. ഈ പ്രക്രിയയില്‍ കാർബണ്‍ ചേർത്താണ് ഓക്സിജൻ വേർതിരിക്കുന്നത്. പരീക്ഷണങ്ങള്‍ പ്രകാരം,
സൂര്യന്‍റെ ചൂട് ഉപയോഗിച്ച് കാർബണ്‍ മോണോക്സൈഡ് ഉല്‍പാദിപ്പിക്കാൻ സാധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. തുടർന്ന് കാർബണ്‍ മോണോക്സൈഡിനെ ശുദ്ധ ഓക്സിജനായി മാറ്റാം. ഭാവിയിലെ ചാന്ദ്ര യാത്രകള്‍ക്ക് ആവശ്യമായ ഇന്ധനം ചന്ദ്രനില്‍ തന്നെ നിർമ്മിക്കാൻ ഈ സാങ്കേതിക വിദ്യ സഹായകരമാകുമെന്ന് നാസ വ്യക്തമാക്കുന്നു.
