ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ യുദ്ധക്കപ്പല്‍ ‘ഐആര്‍ഐഎസ് ദേന’ മുങ്ങിയത് അന്തര്‍വാഹിനി ആക്രമണത്തില്‍; കാണാതായ 101 പേര്‍ക്കായി തിരച്ചില്‍

0

കൊളംബോ: ശ്രീലങ്കന്‍ തീരത്തിന് സമീപം കടലില്‍ മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ ‘ഐആര്‍ഐഎസ് ദേന’ തകര്‍ന്നത് അന്തര്‍വാഹിനി ആക്രമണത്തിലെന്ന് റിപ്പോര്‍ട്ട്. കപ്പലിലുണ്ടായിരുന്ന 101 പേരെ പേരെ കാണാതായതായാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇന്ന് രാവിലെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ തകര്‍ന്ന കപ്പലില്‍ നിന്ന് 101 പേരെ കാണാതായതായും 78 പേര്‍ക്ക് പരിക്കേറ്റതായും ശ്രീലങ്കന്‍ നാവിക സേനയെയും പ്രതിരോധ മന്ത്രാലയത്തെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ 35 നാവികരെ ശ്രീലങ്കന്‍ സൈന്യം രക്ഷപ്പെടുത്തിയതായി ശ്രീലങ്കന്‍ വിദേശ കാര്യമന്ത്രി വിജിത ഹെറാത്ത് പാര്‍ലമെന്റിനെ അറിയിച്ചു.

കപ്പലില്‍നിന്ന് ലഭിച്ച അപായ സന്ദേശത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ നാവികസേന ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തെക്കന്‍ ശ്രീലങ്കയിലെ ഗാലെ തീരത്തു വെച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരെ ഗാലെയിലെ നാഷണല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രി പരിസരത്തും ഗാലെയിലെ സൗത്ത് നേവല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്

You might also like