
ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കണം; ആവശ്യമെങ്കില്‍ ട്രഷറി അക്കൗണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് വിക്ടിം കോംപന്‍സേഷന്‍ സ്‌കീം പ്രകാരം നല്‍കേണ്ട ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ ഇത് വൈകിപ്പിക്കരത്. ആവശ്യമെങ്കില്‍ ട്രഷറി അക്കൗണ്ടില്‍ നിന്ന് നേരിട്ട് തുക നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. കേസ് ഈ മാസം 23 ന് വീണ്ടും പരിഗണിക്കും.
മീഡിയേഷന്‍ സെന്ററുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. വിക്ടിം കോംപന്‍സേഷന്‍ സ്‌കീം പ്രകാരം 2022 മുതല്‍ 47 കോടി രൂപയും മീഡിയേറ്റര്‍മാരുടെ പ്രതിഫലമായി 10 കോടിയിലധികം രൂപയും സര്‍ക്കാര്‍ നല്‍കാനുണ്ടെന്ന് കോടതി കണ്ടെത്തി.
പിഴത്തുകയോ സംഭാവനകളോ ലഭിച്ചില്ലെങ്കിലും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാരിന് പിന്മാറാനാവില്ല. ഇത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ധനകാര്യ വകുപ്പാണെന്ന ആഭ്യന്തര സെക്രട്ടറിയുടെ വിശദീകരണം കോടതി അംഗീകരിച്ചു
