
രണ്ട് ഘട്ടമായി നടക്കുന്ന 2027 സെന്‍സസ് കേരളത്തില്‍ ആദ്യ ഘട്ടമായ ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും
ന്യൂഡല്‍ഹി: രണ്ട് ഘട്ടമായി നടക്കുന്ന 2027 സെന്‍സസ് കേരളത്തില്‍ ആദ്യ ഘട്ടമായ ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. സെല്‍ഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതല്‍ 30 വരെ സമയമുണ്ടാകുമെന്നും ജൂലൈ ഒന്ന് മുതല്‍ 30 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരം ശേഖരിക്കുമെന്നും സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്തവണത്തേതെന്നും സെന്‍സസ് കമ്മീഷണര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഭവന സെന്‍സസ് ആണ് നടക്കുക. ഇതില്‍ താമസസൗകര്യങ്ങള്‍, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വീടുകളിലെ ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.
രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക. ഓരോ കുടുംബത്തിലെയും വ്യക്തികളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം, സാമ്പത്തിക നിലവാരം, കുടിയേറ്റം, പ്രത്യുല്‍പാദന നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ശേഖരിക്കും.
സെന്‍സസിന്റെ രണ്ടാം ഘട്ടത്തിലായിരിക്കും ജാതി സെന്‍സസ് നടപ്പിലാക്കുക. സെന്‍സസ് നടപടികളുടെ ആകെ ചിലവിനായി 11,718.24 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ഒന്നാം ഘട്ടത്തിനായുള്ള പ്രാഥമിക പരിശോധന 2025 നവംബറില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തി. ഒന്നാം ഘട്ടത്തിനായുള്ള മാര്‍ഗനിര്‍ദേശം 19 ഭാഷകളില്‍ തയ്യാറാക്കിയിട്ടുണ്ട്
