
മാതാപിതാക്കള്‍ക്ക് ചെലവിന് നല്‍കിയില്ലെങ്കില്‍ ശമ്പളത്തിന്റെ 15 ശതമാനം സര്‍ക്കാര്‍ പിടിക്കും; പുതിയ നിയമം പാസാക്കി തെലങ്കാന
ഹൈദരാബാദ്: മാതാപിതാക്കാള്‍ക്കളുടെ ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന ബില്ലിന് തെലങ്കാന സര്‍ക്കാര്‍ അനുമതി നല്‍കി.
അവഗണിക്കപ്പെടുന്ന മാതാപിതാക്കള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള തെലങ്കാന എംപ്ലോയീസ് അക്കൗണ്ടബിലിറ്റി ആന്‍ഡ് മോണിറ്ററിങ് ഓഫ് പാരന്റല്‍ സപ്പോര്‍ട്ട് ബില്ലാണ് തെലങ്കാന നിയമസഭ പാസാക്കിയത്. ബില്ലിന്റെ പരിധിയില്‍ എംഎല്‍എമാരും എംപിമാരും തദ്ദേശ സ്ഥാപന പ്രതിനിധികളും ഉള്‍പ്പെടും.
ആശ്രിതരായ മാതാപിതാക്കള്‍ക്ക് ചെലവിന് നല്‍കിയില്ലെങ്കില്‍ ശമ്പളത്തിന്റെ 15 ശതമാനം അല്ലെങ്കില്‍ 10,000 രൂപ, ഏതാണോ കുറവ് അത് പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. മക്കളുടെ സംരക്ഷണം ലഭിക്കാത്തവര്‍ക്ക് ജില്ലാ കളക്ടര്‍ മുമ്പാകെ പരാതിപ്പെടാം.
ഈടാക്കുന്ന തുക രക്ഷിതാക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും. രക്ഷിതാക്കളെ അവഗണിക്കുന്ന കേസുകള്‍ കുറയ്ക്കുക, പ്രായമായ പൗരന്മാരുടെ അന്തസ് പുനസ്ഥാപിക്കുക എന്നിവ ലക്ഷ്യം വച്ചാണ് പുതിയ നിയമമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആണ്‍മക്കളും പെണ്‍മക്കളും മാതാപിതാക്കളോട് തുല്യ ഉത്തരവാദിത്തം പങ്കിടണമെന്ന് അദേഹം വ്യക്തമാക്കി
