വിമാന ഇന്ധനത്തിന്റെ കരുതല്‍ ശേഖരം കുറയുന്നു; ടിക്കറ്റ് നിരക്ക് വന്‍ തോതില്‍ കൂടാന്‍ സാധ്യത

0

ന്യൂഡല്‍ഹി: രാജ്യത്ത് വിമാന ഇന്ധനത്തിന്റെ കരുതല്‍ ശേഖരം കുറയുന്നു. ഇനി രണ്ട് മാസത്തേക്കുള്ള ഇന്ധനം മാത്രമെ ഉള്ളുവെന്നാണ് വിവരം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധന ലഭ്യത കുറഞ്ഞതിനാല്‍ വിലയും കൂടുന്നുണ്ട്. ഇക്കാരണത്താല്‍ വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ വ്യോമയാന മന്ത്രാലയം ബദല്‍ മാര്‍ഗം തേടുകയാണ്. 60 ദിവസത്തേക്കുള്ള ഇന്ധനമുണ്ടെന്ന് വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് മുതല്‍ ഇന്ധന വില കൂടുമെന്നതിനാല്‍ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വാറ്റ് കുറയ്ക്കാന്‍ വ്യോമയാന മന്ത്രാലയം സംസ്ഥാനങ്ങളുമായി ആശയ വിനിമയം തുടങ്ങി. ഇപ്പോള്‍ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത വാറ്റ് നിരക്കാണുള്ളത്.

യുപിയില്‍ വിമാന ഇന്ധനത്തിന് ഒരു ശതമാനമാണ് വാറ്റെങ്കില്‍ ഡല്‍ഹിയില്‍ 25 ശതമാനമാണ്. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി ഇക്കാര്യം രാം മോഹന്‍ നായിഡു സംസാരിച്ചതായാണ് വിവരം. ഈ സാഹചര്യം ഡല്‍ഹി മുഖ്യമന്ത്രി മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു

You might also like