
കൈക്കൂലി വാങ്ങിയാല്‍ എഐ പൂട്ടും! വിവരമറിയിച്ചാല്‍ 5,000 രൂപ സമ്മാനം; വരുന്നു പ്രോജക്ട് സീറോ
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളെ പൂര്‍ണമായും അഴിമതി മുക്തമാക്കാന്‍ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് അത്യാധുനിക എഐ നിരീക്ഷണ പദ്ധതിയായ പ്രോജക്ട് സീറോ നടപ്പാക്കുന്നു. കൈക്കൂലിയും അഴിമതിയും പൂര്‍ണമായി ഇല്ലാതാക്കി സാധാരണക്കാര്‍ക്ക് സുതാര്യമായി സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
നിലവില്‍ അഴിമതി നടന്ന് ഏറെക്കഴിഞ്ഞാണ് പലപ്പോഴും വിജിലന്‍സിന് പരാതി ലഭിക്കുന്നത്. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ അഴിമതിക്കുള്ള നീക്കങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താനും തടയാനും കഴിയുമെന്ന് വിജിലന്‍സ് മേധാവി മനോജ് ഏബ്രഹാം വ്യക്തമാക്കി. അഴിമതിയുടെ സാധ്യതകള്‍ മുളയിലേ നുള്ളി പുതിയൊരു തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
എന്താണ് പ്രോജക്ട് സീറോ?
പൊതുജനങ്ങള്‍ക്കായുള്ള ഭൂരിഭാഗം സര്‍ക്കാര്‍ സേവനങ്ങളും ഇപ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലാണ് ലഭ്യമാകുന്നത്. ഈ ഡിജിറ്റല്‍ സംവിധാനങ്ങളെയെല്ലാം പരസ്പരം ബന്ധിപ്പിച്ച്, അവയിലെ ഓരോ ഫയല്‍ നീക്കവും നിര്‍മിത ബുദ്ധി വഴി തല്‍സമയം നിരീക്ഷിക്കുന്നതാണ് പ്രോജക്ട് സീറോ.
സര്‍ക്കാര്‍ പദ്ധതികളുടെ ഇ-ടെന്‍ഡര്‍ വിളിക്കുന്നത് മുതല്‍ വിജിലന്‍സിന്റെ എഐ നിരീക്ഷണമുണ്ടാകും. കുറഞ്ഞ തുക ക്വോട്ട് ചെയ്തവര്‍ക്ക് തന്നെയാണോ ടെന്‍ഡര്‍ നല്‍കിയത്, വ്യവസ്ഥകളില്‍ അസ്വാഭാവികതയുണ്ടോ എന്നെല്ലാം എഐ പരിശോധിക്കും. ക്രമക്കേട് കണ്ടാല്‍ സിസ്റ്റം ഉടന്‍ തന്നെ ‘റെഡ് ഫ്‌ളാഗ്’ അലര്‍ട്ട് വിജിലന്‍സിന് കൈമാറും.
കെ-സ്മാര്‍ട്ട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി കെട്ടിട പെര്‍മിറ്റുകള്‍ക്കോ സര്‍ട്ടിഫിക്കറ്റുകള്‍ക്കോ അപേക്ഷിക്കുമ്പോള്‍, നിശ്ചിത സമയപരിധിക്കുള്ളില്‍ ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിച്ചില്ലെങ്കില്‍ എഐ അത് കണ്ടെത്തും. ഇത് വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അഴിമതിയാണോ അതോ സാങ്കേതിക പ്രശ്‌നമാണോ എന്ന് ഉദ്യോഗസ്ഥര്‍ ഉടന്‍ പരിശോധിച്ച് നടപടിയെടുക്കുകയും ചെയ്യും.
മുന്‍പ് അഴിമതി ആരോപണ വിധേയരായ അല്ലെങ്കില്‍ സംശയാസ്പദമായ രീതിയില്‍ ഇടപെടുന്ന ഉദ്യോഗസ്ഥരുടെ ഫയല്‍ നീക്കങ്ങള്‍ എഐയുടെ പ്രത്യേക നിരീക്ഷണവലയത്തിലായിരിക്കും
