ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സംഭരണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി

0

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ഓൺലൈൻ ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന സംഭരണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. പരിശോധനയിൽ കാലാവധി കഴിഞ്ഞതും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്തതുമായ ഏകദേശം 1.38 കോടി രൂപ വിലമതിക്കുന്ന ഭക്ഷ്യോത്പന്നങ്ങളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇതിന് പുറമെ യാതൊരുവിധ മുൻകൂർ അനുമതിയുമില്ലാതെ അനധികൃതമായി വിതരണ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന 4.02 ലക്ഷം രൂപ വിലവരുന്ന മരുന്നുകളും പിടിച്ചെടുത്തു. ഓൺലൈൻ വഴിയും ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ വഴിയും വിതരണം ചെയ്യുന്ന സാധനങ്ങൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായിരുന്നു മിന്നൽ പരിശോധന. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് നേരിട്ട് ഭീഷണിയാകുന്ന തരത്തിലാണ് പലയിടത്തും ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

You might also like