
പശ്ചിമേഷ്യൻ സംഘർഷം: ബ്രിട്ടനിൽ ഇന്ധന വില സർവകാല റെക്കോർഡിൽ
ലണ്ടൻ: പശ്ചിമേഷ്യയിലെ സംഘട്ടനങ്ങൾ ബ്രിട്ടനിലെ ഇന്ധന വിപണിയെ മറ്റൊരുകാലത്തും ഇല്ലാത്തവിധം പ്രതിസന്ധിയിലാക്കി. രാജ്യത്തെങ്ങും പെട്രോൾ, ഡീസൽ വില നിയന്ത്രണാതീതമായി കുതിക്കുകയാണ്. ഡീസൽ വില സർവകാല റെക്കോർഡും ഭേദിച്ച് രണ്ടു പൗണ്ടിന് മുകളിലായി. മോട്ടോർവേകളിലെ പമ്പുകളിൽ പണ്ടു പണ്ട് 20 പെൻസ് വരെ ഡീസൽ വില ഉയർന്നു. പെട്രോളിനും പലേടത്തും ഒരു പൗണ്ട് 75 പെൻസിനു മുകളിലാണ് വില.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രണ്ടുവർഷം മുമ്പ് ഇന്ധന വില സമാനമായ രീതിയിൽ ഉയർന്നിരുന്നുവെങ്കിലും മറ്റു നടപടികളിലൂടെ അതിനെ അതിജീവിക്കാൻ സർക്കാരിന് ആയിരുന്നു. എന്നാൽ ഇന്ന് സ്ഥിതിഗതികൾ ഇതിൽനിന്നും വ്യത്യസ്തമാണ്. യുക്രെയ്ൻ യുദ്ധത്തിന്റെ തുടക്കത്തിൽ ഗൾഫിനെ ആശ്രയിച്ച് പിടിച്ചു നിന്ന ബ്രിട്ടന് ഇപ്പോൾ ആശ്രയിക്കാൻ മറ്റു സ്രോതസുകൾ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി.
കരുതൽ ശേഖരത്തിൽനിന്നും 100 മില്യൻ ബാരൽ ക്രൂഡ് ഓയിൽ അടിയന്തരമായി റിലീസ് ചെയ്യാൻ വെള്ളിയാഴ്ച ചേർന്ന ജി-7 രാഷ്ട്രത്തലവന്മാരുടെ യോഗം തീരുമാനിച്ചിട്ടുണെങ്കിലും പ്രതിസന്ധിക്ക് താൽകാലിക പരിഹാരം കാണാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
