TOP NEWS| സാഹചര്യത്തെളിവുകള്‍ ചൈനക്കെതിര്; വൈറസ് ചോര്‍ന്നത് വുഹാനില്‍ നിന്നു തന്നെ-ഇന്ത്യന്‍ ശാസ്ത്രജ്ഞ

0

 

 

ദില്ലി: വുഹാനിലെ പരീക്ഷണശാലയിൽ സൂക്ഷിച്ചിരുന്ന SARS-CoV2 വൈറസ് അവിചാരിതമായി ചോർന്ന് കോവിഡ്-19 ന്റെ ആവിർഭാവത്തിന് കാരണമായി എന്ന ഉറച്ച വാദവുമായി ഇന്ത്യൻ ശാസ്ത്രജ്ഞ. കോവിഡ്-19 ന്റെ ഉറവിടത്തെ കുറിച്ച് ആഗോളതലത്തിൽ ഗവേഷണങ്ങളും പരീക്ഷണങ്ങളും തുടരുന്നതിനിടെയാണ് കോവിഡ് വൈറസ് പ്രകൃത്യാലുണ്ടായതാണെന്ന നിഗമനം അവിശ്വസനീയമാണെന്ന് പുണെയിലെ അഘാർകർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോഎനർജി ഗ്രൂപ്പ് ശാസ്ത്രജ്ഞയായ ഡോക്ടർ മൊനാലി രഹൽകാർ ചൂണ്ടിക്കാട്ടുന്നത്. സാഹചര്യത്തെളിവുകൾ ചൈനയുടെ ഉത്തരവാദിത്വം ഉറപ്പിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരവീഴ്ച മറച്ചു വെക്കാനുള്ള ശ്രമത്തിൽ അവർ ഏറെക്കുറെ വിജയിച്ചതായും ഡോക്ടർ മൊനാലി പറയുന്നു. അടിസ്ഥാനരഹിതമായ നിരവധി വാദങ്ങളും റിപ്പോർട്ടുകളും ഇക്കാര്യത്തിനായി ചൈന ലോകത്തിന് മുന്നിൽ നിരത്തിയതായും അവർ ആരോപിക്കുന്നു.

ഡോക്ടർ മൊനാലിയും ഭർത്താവ് ഡോക്ടർ രാഹുൽ ബാഹുലിക്കറും ചേർന്ന് SARS-CoV-2 ന്റെ ഉത്ഭവത്തെ കുറിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. ബിഎഐഎഫ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററിൽ പ്രവർത്തിക്കുകയാണ് ഡോക്ടർ രാഹുൽ. 2012 ൽ ചൈനയിലെ മോജിയാങ്ങിൽ ഖനിത്തൊഴിലാളികളെ ബാധിച്ച ന്യുമോണിയ രോഗത്തെ കുറിച്ചും അതിന് കാരണമായ വൈറസിനെ കുറിച്ചും അതിന് കോവിഡുമായുള്ള ബന്ധത്തെ കുറിച്ചും ഇരുവരും ചേർന്ന് നടത്തിയ ഗവേഷണത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ കൊല്ലം ഒക്ടോബറിൽ പ്രസിദ്ധീകരിച്ചിരുന്നു.

You might also like