എന്തിനീ ക്രൂരത️❓️ദൈവജനം കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെ; പകർച്ചവ്യാധിയെക്കാൾ ഏറെ നേരിടുന്നത് പീഡനങ്ങളും ആക്രമണങ്ങളും

0

 

 

2011 – ലെ ഒരു ക്രിസ്തുമസ് കാലം. കൃത്യമായി പറഞ്ഞാൽ ഡിസംബർ 22-ലെ സായാഹ്നം. ദെബോറ എന്ന 15 വയസ്സുകാരി പെൺകുട്ടിയും അവളുടെ സഹോദരൻ കാലേബും ഭക്ഷണം കഴിക്കുകയാണ്. പിതാവ് പീറ്റർ ഒരു ക്രിസ്ത്യൻ പാസ്റ്റർ ആണ്. അദ്ദേഹം കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കോളിംഗ് ബെൽ മുഴങ്ങിയപ്പോൾ സഹോദരൻ ചെന്ന് വാതിൽ തുറന്നുനോക്കി. മുഖം മറച്ച, ആയുധധാരികളായ മൂന്നുപേർ വീടിനകത്തേയ്ക്ക് പ്രവേശിച്ചു. ശബ്ദം കേട്ട് പുറത്തേയ്ക്കിറങ്ങി വന്ന പീറ്ററിന്റെ നെഞ്ചിലേയ്ക്ക് അവർ വെടിയുതിർത്ത് അദ്ദേഹത്തെ കൊലപ്പെടുത്തി.
വ്യക്തിവൈരാഗ്യത്തിന്റെ പേരിലല്ലായിരുന്നു ഈ കൊലപാതകം; ക്രിസ്തുവിനെ പ്രസംഗിച്ചു എന്ന പേരിൽ മാത്രമായിരുന്നു അത്. ക്രിസ്ത്യാനിയായി എന്ന പേരിൽ മാത്രം പീറ്ററിന് ജീവൻ വെടിയേണ്ടി വന്നു. ബൊക്കോ ഹറാം (Boko Haram) എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തിയത്.

പീറ്റർ പിടഞ്ഞു മരിച്ചു കഴിഞ്ഞപ്പോൾ തീവ്രവാദികളായ മൂന്നുപേരും കാലെബിനെ വകവരുത്തണോ വേണ്ടയോ എന്ന് ചർച്ച നടത്തി. ഒടുവിൽ സഹോദരിയുടെ മുമ്പിലിട്ട് ആ ആൺകുട്ടിയെയും വെടിവച്ചു കൊന്നുകളഞ്ഞു. കുട്ടിയാണെങ്കിലും നാളെ അവൻ വളർന്ന് പിതാവിനെപ്പോലെ ക്രിസ്തുവിനെ പ്രസംഗിക്കുന്ന ഒരു മിഷനറി ആയേക്കാമെന്നുള്ള വലിയ സാധ്യതയെ പൂർണ്ണമായും ഉന്മൂലനം ചെയ്യുവാൻ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല. രക്തത്തിൽ കുളിച്ച് ജീവനറ്റു കിടക്കുന്ന സ്വന്തം പിതാവിനെയും സഹോദരനെയും കണ്ട് പേടിച്ചരണ്ട് ഒന്ന് ഉറക്കെ കരയുവാൻ പോലും ഭയന്ന് ദെബോറ ആ രാത്രി മുഴുവൻ ആ വീട്ടിൽ കഴിഞ്ഞുകൂടി.

ഇത് ദെബോറ എന്ന ഒരു പെൺകുട്ടിയുടെ മാത്രം ജീവിതകഥയല്ല. ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇതുപോലെ എത്രയെത്ര ദെബോറമാര്‍! സ്വന്തം പിതാവിനെയും മാതാവിനെയും സഹോദരങ്ങളെയും മതതീവ്രവാദികൾ ക്രൂരമായി കൊന്നൊടുക്കിയ, പ്രതികരിക്കുവാൻ ത്രാണിയില്ലാത്ത, ഒരു നിമിഷം കൊണ്ട് അനാഥമാക്കപ്പെട്ട അനേകായിരം നൈജീരിയൻ ക്രിസ്ത്യന്‍ ജീവിതങ്ങളുടെ പ്രതിനിധിയാണ് ദെബോറ.

15-16 നൂറ്റാണ്ടുകളില്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള അഗസ്റ്റീനിയന്‍ – കപ്പൂച്ചിന്‍ മിഷനറിമാരാണ് നൈജീരിയയിൽ ക്രിസ്തീയ വിശ്വാസത്തിന്റെ വിത്തുകള്‍ പാകിയത്‌. 200 മില്യൺ ജനങ്ങളുള്ളതിൽ ഏകദേശം 45.9 % ക്രിസ്തുമത വിശ്വാസികളാണ് നൈജീരിയയിലുള്ളത്. ഏതാണ്ട് എല്ലാ ക്രിസ്തീയവിഭാഗങ്ങളും ഇവിടെയുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവുമധികം ക്രിസ്ത്യാനികളുള്ളത് നൈജീരിയയിൽ ആണെന്നാണ് പഠനങ്ങൾ പറയുന്നത്. പക്ഷേ, ഇപ്പോൾ ബൊക്കോ ഹറാം, ഫുലാനി ജിഹാദിസ്റ്റുകളുടെ ക്രൂരമായ പ്രവർത്തനങ്ങൾ അവിടങ്ങളിൽ നിന്നെല്ലാം ക്രിസ്ത്യാനികളെ തുടച്ചുനീക്കിക്കൊണ്ടിരിക്കുന്നു.

You might also like