TOP NEWS| ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലദീമീർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തി
ജനീവ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലദീമീർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തി. രണ്ടുകൂട്ടരും തമ്മിലെ ബന്ധം തീർത്തും മോശമായിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ആയുധനിയന്ത്രണവും റഷ്യയുടെ സൈബർ ആക്രമണമെന്ന അമേരിക്കയുടെ ആരോപണവും ചർച്ച ചെയ്തെന്നാണ് സൂചന. റഷ്യൻ പ്രതിപക്ഷനേതാവ് നവാൽനിയുടെ സ്ഥിതിയും വിഷയമായെന്നാണ് സൂചന.
ജനീവ തടാകക്കരയിലെ ഉച്ചകോടി വേദിയായ ‘വില്ല ല ഗ്രാഞ്ചി’ൽ, പുസ്തകത്തട്ടുകൾ പശ്ചാത്തലമായുള്ള പഴമ നിറഞ്ഞ മുറിയിൽ 2 മണിക്കൂർ ആദ്യഘട്ട ചർച്ചയാണ് ബൈഡനും പുടിനും നടത്തിയത്. ഒപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ സെക്രട്ടറി സെർഗെയ് ലാവ്റോവും ഉണ്ടായിരുന്നു. ഇടവേള കഴിഞ്ഞ്, കൂടുതൽ ഉന്നതഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു ചർച്ച രണ്ടാം ഘട്ടത്തിലേക്കു കടന്നത്.