ARTICLE| ബ്രണ്ണൻ സായിപ്പിനെ അറിയാമോ? |  പാസ്റ്റർ ജെയ്സ് പാണ്ടനാട് എഴുതുന്നു

0

 

തലശ്ശേരി: ബ്രണ്ണൻ കോളേജ് ഇപ്പോൾ ചൂടൻ ചർച്ച ആണല്ലോ
എന്നാൽ ഈ പാശ്ചത്തലത്തിൽ ആണ് ‘ബ്രണ്ണൻ ‘ സായ്പിൻ്റെ കുറിച്ചുള്ള ഓർമ്മകൾ തിരയടിക്കുന്നത്.
1784 ൽ ലണ്ടനിലാണ് എഡ്വേർഡ് ബ്രണ്ണൻ്റെ ജനനം.

1810 ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ജോലി. പിന്നീട് മുംബൈ മറൈൻ സർവീസസിൽ, കപ്പലിൽ കാബിൻ ബോയ് ആയി ജോലി. കപ്പൽ തലശേരിക്കടുത്ത് കടൽ ക്ഷോഭത്തിൽ തകർന്നപ്പോൾ ബ്രണ്ണൻ നീന്തി കരയ്ക്കെത്തി. മീൻ പിടുത്തക്കാർ രക്ഷപെടുത്തി തീരത്തെത്തിച്ചു എന്നും പറയുന്നു. തലശ്ശേരി പോർട്ടിൽ മാസ്റ്റർ അറ്റൻഡായി ജോലി നോക്കിയിട്ടുണ്ട്.
തലശ്ശേരിയിലെ റോഡ്ലൂടെയും കടൽ തീരത്ത്കൂടെയും കുതിരപ്പുറത്ത് നടന്ന ബ്രണ്ണൻ എന്ന ആളിനെ നാട്ടുകാർ സ്നേഹത്തോടെ ബ്രണ്ണൻ സായ്പ്പ് എന്ന് വിളിച്ചു.

‘കപ്പൽ ചേതം കൊണ്ടുവന്ന കരുണാമയൻ ‘ എന്നാണ് പുനത്തിൽ കുഞ്ഞബ്ദുള്ള വിശേഷിപ്പിച്ചത്.
പാവങ്ങളെ സഹായിക്കാൻ 1846 ൽ അദ്ദേഹം ടെലിച്ചെറി ( തലശ്ശേരി) പൂവർ ഫണ്ട് എന്ന ട്രസ്റ്റ് രൂപികരിച്ചു. നാട്ടുകാർക്ക് സൗജന്യ വിദ്യാഭ്യാസം നൽകാൻ തലശ്ശേരി പട്ടണത്തിൽ 1861ൽ ‘ ഫ്രീ സ്കൂൾ ‘ സ്ഥാപിച്ചു. ഇതാണ് ബ്രണ്ണൻ കോളേജ് ആയത്. ആദ്യ കാലത്ത് മദ്രാസ് യൂണിവേഴ്സിറ്റി അഫിലിയേഷൻ ആയിരുന്നു.

1866 ൽ ബാസൽ മിഷൻ ചർച്ചുമായി സംയോജിപ്പിച്ചു.1868 ൽ ഹൈസ്കൂൾ ആയി.1883 ൽ ജില്ലാ ഗവൺമെൻ്റ് സ്കൂളായി. 1884 ൽ തലശ്ശേരി നഗരസഭ ഏറ്റെടുത്തു. പത്ത് വർഷത്തിന് ശേഷമാണ് ബ്രണ്ണൻ കോളേജ് ആയത്. 1949ൽ സ്കൂളിനെ വേർപെടുത്തി ചിറക്കര യിലേക്ക് മാറ്റി. 1958 ൽ കോളജ് ധർമ്മടത്തേക്ക് പോയതോടെ സ്കൂൾ പഴയ കെട്ടിടത്തിൽ തിരിച്ചെത്തി.
ബ്രണ്ണൻ്റെ കയ്യൊപ്പ് ചാർത്തിയ പ്രതിഭകൾ/ വ്യക്തികൾ രാഷ്ടീയം, സാഹിത്യം, കല അങ്ങനെ പല മേഖലകളിലും ഉണ്ട്.

1859 ഒക്ടോബർ 2 ന് ബ്രണ്ണൻ സായിപ്പ് അന്തരിച്ചു. തലശ്ശേരിയിലെ സെൻ്റ് ജോൺസ് പള്ളിയിലെ കല്ലറയിൽ സായിപ്പിനെ അടക്കി. ബ്രണ്ണൻ സായിപ്പ് പണിതതാണ് ഈ ഇംഗ്ലീഷ് ചർച്ച്. ബ്രണ്ണൻ സായിപ്പ് ഒരു മകനെ ദത്തെടുത്ത് വളർത്തിയിരുന്നു.തലശ്ശേരി സ്വദേശിയായ ഒരു സ്ത്രീയിൽ സായിപ്പിന് ഫ്ലോറ എന്ന ഒരു മകൾ ഉണ്ടായിരുന്നു.

16- മത്തെ വയസിൽ മരിച്ച ഫ്ലോറ ബ്രണ്ണൻ്റെ ശവകുടീരം ഊട്ടി സെൻ്റ് സ്റ്റീഫൻസ് ചർച്ചിൽ കണ്ടെത്തി.1830 ലാണ് കല്ലറ സ്ഥാപിച്ചത്.
കടലിൽ നിന്നും ജീവിതത്തിലേക്ക് നീന്തി കയറിയ ബ്രണ്ണൻ സായിപ്പിൻ്റെ ജീവിത കഥ ത്രസിപ്പിക്കുന്നതാണ്. തിളക്കമുള്ള ഓർമ്മകൾ… കരുണ മാത്രമുള്ള സായിപ്പ്.
അര നൂറ്റാണ്ട് മുമ്പുണ്ടായ കോളജ് വഴക്കിൻ്റെ പേരിൽ ബ്രണ്ണൻ കോളേജ് മാധ്യമങ്ങളിൽ നിറയുമ്പോൾ , ആ കോളേജ് സ്ഥാപിച്ച സായിപ്പിൻ്റെ ഓർമകൾ നമ്മിൽ തിരയടിക്കട്ടെ..
ബ്രണ്ണൻ സായിപ്പിൻ്റെ ശവകുടീരത്തിൽ ആലേഖനം ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്…” പത്തര മാറ്റ് സത്യസന്ധനായ ഇംഗ്ലീഷുകാരൻ ” ( A sterling upright English man).

അനുബന്ധ ഫോട്ടോകൾ : 1) ഗവ.ബ്രണ്ണൻ കോളേജ്,
2)തലശ്ശേരി സെൻ്റ് ജോൺസ് സെമിത്തേരിയിലെ ബ്രണ്ണൻ സായിപ്പിൻ്റെ കല്ലറ
3) ബ്രണ്ണൻ സായിപ്പിൻ്റെ ബംഗ്ലാവ്
(എഴുത്ത്: ജെയ്സ് പാണ്ടനാട്)

You might also like