‘ജാബ ദി ബസ്’, ബസ്സിൽ വാക്സീൻ വിതരണം ഇന്നു മുതൽ പ്രയാണം ആരംഭിക്കും
വിക്ടോറിയയിൽ ഐസൊലേഷനിൽ കഴിയുന്നവർക്കും, ഭിന്നശേഷിക്കാർക്കും പ്രയോജനമാകാൻ മൊബൈൽ വാക്‌സിനേഷൻ ഹബ്ബിലൂടെ വാക്‌സിൻ വിതരണം ഇന്നു മുതൽ ആരംഭിക്കുകയാണ്. വാക്‌സിനേഷൻ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ സംവിധാനങ്ങളോടും കൂടിയ ഒരു ബസാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ ആദ്യത്തെ മൊബൈൽ വാക്‌സിനേഷൻ ഹബാണ് ഇത്. ഉൾനാടൻ വിക്ടോറിയയിലാണ് ആരംഭത്തിൽ ഇതിന്റെ സേവനങ്ങൾ ലഭ്യമാകുക. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത, വിക്ടോറിയയുടെ എല്ലാ ഭാഗത്തുമുള്ളവർക്ക് വാക്‌സിനേഷനുള്ള അവസരം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഷെപ്പാർട്ടനിൽ കൊവിഡ് ബാധ ആരഭിച്ച ശേഷം നിരവധി പേരാണ് ഐസൊലേഷനിൽ കഴിയുന്നത്.
എല്ലാ സജ്ജീകരണങ്ങളോടും കൂടി ഉൾനാടൻ വിക്ടോറിയയുടെ വിവിധ ഭാഗങ്ങളിൽ എത്തുന്ന ബസ്സിൽ ഫൈസർ വാക്‌സിനും ആസ്ട്രസെനക്ക വാക്‌സിനും വിതരണം ചെയ്യും. ഗോൾബൻ വാലി ഹെൽത്തിലെ ആരോഗ്യ പ്രവർത്തകരാണ് വാക്‌സിനേഷൻ വിതരണത്തിനായി ബസ്സിൽ സഞ്ചരിക്കുന്നത്.
മൂന്ന് വാക്‌സിനേഷൻ സ്റ്റേഷനുകളും, വെയ്റ്റിംഗ് സൗകര്യവും ഉള്ള ‘ജാബ ദി ബസ്‘, ഷെപ്പേർട്ടൺ, മോയിര, ബെനാല, സ്ട്രാത്ബോഗി, മിച്ചൽ, മറൻഡിണ്ടി, കംപാസ്പീ ഷയർ എന്നിവിടങ്ങളിൽ എത്തിയാകും ആദ്യം വാക്‌സിൻ വിതരണം നടത്തുന്നത്.