പൊതു ഇടങ്ങളിൽ അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നതു തടയണം: ഹൈക്കോടതി
കൊച്ചി∙ പൊതു ഇടങ്ങൾ കയ്യേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി ഇടപെടൽ. കേരളത്തിന്റെ മുക്കിലും മൂലയിലും വരെ പൊതു ഇടങ്ങളിൽ കൊടിമരങ്ങളാണെന്നു കോടതി കുറ്റപ്പെടുത്തി.
ഇവ പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും റോഡ് അരികിലും പൊതു സ്ഥലങ്ങളിലും ഇത്തരത്തിൽ കൊടി മരങ്ങൾ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. പന്തളം മന്നം ഷുഗർ മില്ലിന്റെ കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ മാറ്റണം എന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശങ്ങൾ.