TOP NEWS| ഇടുക്കി, പമ്പ ഡാമുകളില്‍ ഓറഞ്ച് അലർട്ട്; മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി, കക്കി അണക്കെട്ട് തുറക്കും; പമ്പ തീരത്ത് അതീവജാഗ്രത
ഇടുക്കി: ഇടുക്കി അണക്കെട്ടിൽ രാവിലെ ഏഴ് മണി മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയത് കണത്തിലെടുത്താണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് അണക്കെട്ടിൽ ഉള്ളത്. കേന്ദ്ര ജല കമ്മീഷന്‍റെ മാനദണ്ഡമനുസരിച്ച് 2397.85 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. അതേസമയം, മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി.
പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്ന് തന്നെയാണ്. അതേസമയം മല്ലപ്പള്ളി മേഖലയിൽ വെള്ളമിറങ്ങി തുടങ്ങി. കക്കി അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ ആറന്മുള ചെങ്ങന്നൂർ കോഴഞ്ചേരി പ്രദേശത്തും കനത്ത ജാഗ്രതയാണ്. അണക്കെട്ടിലെ രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തുക. അതേസമയം, പാണ്ടനാട് ഉൾപ്പടെയുള്ള മേഖലയിൽ നിലവിൽ വെള്ളക്കെട്ട് തുടരുകയാണ്.