ആരോഗ്യ മന്ത്രിയുടെ മിന്നൽ പരിശോധന; കമ്പ്യൂട്ടര്‍ കേടായെന്ന് തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. അടഞ്ഞുകിടക്കുന്ന സ്‌ട്രോക്ക് യൂണിറ്റ് എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ നിര്‍ദേശിച്ചു. സ്‌ട്രോക്ക് ചികിത്സയ്ക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് പരിചരണം ഉറപ്പാക്കണം. അത്യാഹിത വിഭാഗം, വെയിറ്റിംഗ് ഏരിയ, ഫാര്‍മസി, കോവിഡ് വാര്‍ഡ്, ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ്, വിവിധ ഐസിയുകള്‍, കാത്ത് ലാബ് എന്നിവ മന്ത്രി സന്ദര്‍ശിച്ചു. രോഗികളുമായും ജീവനക്കാരുമായും മന്ത്രി ആശയവിനിമയം നടത്തി. ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന അപ്പക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍ മന്ത്രി സന്ദര്‍ശിച്ചു. വിവിധ മാനിക്യിനുകള്‍ ഉപയോഗിച്ച് നടത്തുന്ന അത്യാധുനിക ക്ലാസുകള്‍ മന്ത്രി നേരിട്ട് വിലയിരുത്തി. ആശുപത്രി സൗകര്യം, സേവനം, ചികിത്സ എന്നിവ ഉറപ്പാക്കാനാണ് ആശുപത്രി സന്ദര്‍ശനം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.