എങ്ങുമെത്താതെ റൂം ഫോര്‍ റിവര്‍ പദ്ധതി; വെളിച്ചം കാണാതെ പഠന റിപ്പോർട്ട്
വെള്ളപ്പൊക്കം തടയാനുള്ള റൂം ഫോര്‍ റിവര്‍ പദ്ധതി വൈകുന്നു. പദ്ധതി പ്രഖ്യാപിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പഠന റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല. ഹൈഡ്രോഡൈനാമിക് പഠനത്തിനായി ചെന്നൈ ഐ.ഐ.ടിക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയത് 1.38 കോടി രൂപയ്ക്കാണ്. ഡച്ച് മാതൃക പഠിക്കാന്‍ മുഖ്യമന്ത്രിയും സംഘവും നടത്തിയ നെതര്‍ലന്‍ഡ് സന്ദര്‍ശനത്തിന് ചെലവായത് 20 ലക്ഷം രൂപയും. ഇതു സംബന്ധിച്ച വിവരാവകാശ രേഖയുടെ പകര്‍പ്പ് 24 ന് ലഭിച്ചു.കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രളയം മുന്നില്‍ കണ്ടാണ് ഡച്ച് മാതൃകയില്‍ റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 2019 മെയ് മാസത്തില്‍ മുഖ്യമന്ത്രിയും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും അഡീ. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും അടക്കമുള്ള കേരള സംഘം നെതര്‍ലന്‍ഡില്‍ സന്ദര്‍ശനം നടത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത് 20.85 ലക്ഷം രൂപ.