മലയാളി മറ്റു സംസ്ഥാനത്ത് പോയി പച്ചക്കറി വാങ്ങേണ്ട അവസ്ഥയെന്ന് പ്രതിപക്ഷം; മറ്റാരും നടത്താത്ത തരത്തിൽ ഇടപെട്ടെന്ന് മന്ത്രി
ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിനും വിലകൂടിയെന്നും കേരളത്തിലെ ജനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ പോയി പലചരക്ക് വാങ്ങേണ്ട അവസ്ഥയാണെന്നും പ്രതിപക്ഷം. പൊതുവിപണിയിൽ വിലക്കയറ്റമുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചുവെന്നും വിലക്കയറ്റം നാടിനെ പിടിച്ചുലയ്ക്കുന്നുവെന്നും റോജി എം ജോൺ പറഞ്ഞു. സഭയിൽ മന്ത്രി പറഞ്ഞ കണക്ക് സ്വന്തം വീട്ടിൽ പോലും അവതരിപ്പിക്കാൻ ആകാത്തതാണെന്നും അദ്ദേഹം വിമർശിച്ചു. സാധാരണക്കാരുടെ തൊഴിൽ നഷ്ടപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി. പെട്രോൾ ഡീസൽ വില വർധിച്ചത് വിലക്കയറ്റത്തിന് കാരണമെന്നും സപ്ലൈകോ വഴി സബ്‌സിഡി നൽകുന്നതിനാൽ കാര്യമായി ബാധിക്കുന്നില്ലെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. സർക്കാർ വിപണിയിൽ ഇടപെടുന്നതിനാൽ നേരിയ തോതിലുള്ള വർധനവ് മാത്രമാണുള്ളതെന്നും പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ സപ്ലൈകോ ഔട്ട് ലെറ്റുകളിൽ നിന്ന് സാധനങ്ങൾ കിട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റൊരു സംസ്ഥാനവും നടത്താത്ത ഇടപെടൽ ഇടത് സർക്കാർ നടത്തുന്നതിനാൽ സാധാരണക്കാരെ വിലക്കയറ്റം ബാധിക്കുന്നില്ലെന്നും മന്ത്രി അവകാശപ്പെട്ടു.