സിൽവർ ലൈൻ സർവേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണം; സുപ്രിംകോടതിയിൽ ഹർജി
സിൽവർ ലൈൻ സർവേക്കെതിരെ സുപ്രിംകോടതിയിൽ ഹർജി. സിൽവർ ലൈൻ സർവേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സർവേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് ആലുവ സ്വദേശിയാണ് ഹർജി സമർപ്പിച്ചത്. സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നു. അതിര് കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ കോട്ടയം കുഴിയാലിപ്പടിയിലും മലപ്പുറം തവനൂരിലും പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് തവനൂരിൽ സർക്കാർ ഭൂമിയിൽ മാത്രമാണ് കല്ലിടാൻ കഴിഞ്ഞത്. കോട്ടയം കുഴിയാലിപ്പടിയിൽ പ്രതിഷേധം കാരണം കല്ലിടൽ നടന്നില്ല. അതിനിടെ കെ റെയിൽ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിലേക്ക് മേധ പട്കറുടെ നേതൃത്വത്തിൽ കെ റെയിൽ വിരുദ്ധ സമരസമിതി മാർച്ച് നടത്തി.