പൊതുപണിമുടക്കിൽ മോട്ടോർ തൊഴിലാളികളും പങ്കെടുക്കും; വാഹനഗതാഗതം മുടങ്ങും

0

തിരുവനന്തപുരം: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന പൊതു പണിമുടക്കിൽ മോട്ടോർ മേഖലയിലെ തൊഴിലാളികൾ പണിമുടക്കുന്നതോടെ വാഹനങ്ങൾ ഓടില്ലെന്ന് ട്രേഡ് യൂണിയൻ സംയുക്തസമിതി. മാർച്ച് 28 രാവിലെ ആറ് മണിമുതൽ 30 രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്. കേന്ദ്രത്തിൽ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുമെന്നും സംയുക്തസമിതി പത്രക്കുറിപ്പിൽ അറിയിച്ചു. വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നവരും പണിമുടക്കിൽ പങ്കെടുക്കും. കർഷകസംഘടനകൾ, കർഷകതൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, അധ്യാപകസംഘടനകൾ, ബിഎസ്എൻഎൽ, എൽഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ തുടങ്ങിയവരും പണിമുടക്കിൽ പങ്കെടുക്കും. വ്യോമയാനമേഖലയിലെ തൊഴിലാളികളുടെയും റെയിൽവെ തൊഴിലാളികളുടെയും സംഘടനകൾ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സംയുക്തസമിതി പത്രക്കുറിപ്പിൽ വ്യക്തമാക്കി. കേരളത്തിൽ 22 തൊഴിലാളി സംഘടനകൾ ചേർന്നാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്. ആശുപത്രി, ആംബുലൻസ്, മരുന്നുകടകൾ, പാൽ, പത്രം, ഫയർ ആന്റ് റസ്ക്യൂ പോലുള്ള ആവശ്യ സർവീസുകൾ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

You might also like