പ്രധാനമന്ത്രിയുടെ സമീപനം അനുഭാവപൂർണം, കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ- പിണറായി
ന്യൂഡൽഹി: സിൽവർ ലൈനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ച ആരോഗ്യകരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈന് കേന്ദ്രാനുമതി വേഗത്തിൽ ലഭ്യമാക്കുന്നതിന് കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കേരള ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈനുമായി ബന്ധപ്പെട്ട് ഇന്ന് ചീഫ് സെക്രട്ടറിക്കൊപ്പം പ്രധാനമന്ത്രിയെ കണ്ടിരുന്നു. പറഞ്ഞ കാര്യങ്ങൾ അതീവ താൽപര്യത്തോടെ അദ്ദേഹം കേട്ടു. അദ്ദേഹത്തിൻറെ പ്രതികരണങ്ങൾ ആരോഗ്യകരമായിരുന്നു. നല്ല ചർച്ചയാണ് നടന്നത്. റെയിൽവേ മന്ത്രിയുമായി കാര്യങ്ങൾ വിശദമായി സംസാരിക്കാമെന്നും എന്താണ് ചെയ്യാനാവുക എന്ന് പരിശോധിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.