‘ജനങ്ങൾക്കായുള്ള പണിമുടക്ക്, മുഖം തിരിക്കാനാകില്ല’, വഴി തടയൽ ഒറ്റപ്പെട്ടത്’: ധനമന്ത്രി
തിരുവനന്തപുരം : ദേശവ്യാപകമായി തൊഴിലാളികൾ നടത്തുന്ന പണിമുടക്കിനോടും (Nationwide Strike 2022) പ്രക്ഷോഭങ്ങളോടും മുഖം തിരിക്കാനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങളുടെ വിഷയങ്ങൾ ഉയർത്തിയാണ് സമരം നടത്തുന്നത്. തിരുവനന്തപുരത്തടക്കം നടന്ന സമരാനുകൂലികളുടെ വഴി തടയൽ ഒറ്റപ്പെട്ടതാണെന്നും സമരം സമാധാനപരമാണെന്നും ധനമന്ത്രി പറഞ്ഞു. പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോണ്‍ ഏർപ്പെടുത്തുന്നതിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിനിടെ സര്‍ക്കാര്‍ ജീവനക്കാർ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു(High Court). പണിമുടക്ക് വിലക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. സർക്കാർ ജീവനക്കാർ സമരം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും പണിമുടക്കുന്നത് വിലക്കി ഇന്നുതന്നെ ഉത്തരവ് ഇറക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.