അപകടത്തിൽപ്പെട്ടയാളെ രക്ഷിച്ചാൽ 5,000 രൂപ പാരിതോഷികം; കേന്ദ്ര സർക്കാർ പദ്ധതി സംസ്ഥാനത്തും നടപ്പിലാക്കും
റോഡപകടങ്ങളിൽ പരുക്കേൽക്കുന്നവരെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക,നിയമനൂലാമാലകളിൽ നിന്ന് രക്ഷകരെ ഒഴിവാക്കുക, അവർക്ക് അംഗീകാരവും പാരിതോഷികവും നൽകുക എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് കേന്ദ്രസർക്കാർ പദ്ധതി ആരംഭിച്ചത്. കേന്ദ്ര റോഡ്-ഹൈവേ ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്. റോഡപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ പോലീസ് നടപടി ക്രമങ്ങളും നിയമനടപടികളും ആലോചിച്ച് പലരും മടിക്കാറുണ്ട്. നിരവധി പേരുടെ ജീവൻ റോഡിൽ പൊലിയാൻ ഇത് കാരണമാക്കിയിരുന്നു. ഇതിന് ഒരു പരിഹാരമെന്നോണമാണ് കേന്ദ്ര സർക്കാർ ജീവൻ രക്ഷിക്കുന്നവർക്കായി പ്രത്യേക പാരിതോഷികം നൽകുന്ന ഗുഡ് സമരിറ്റൻ പദ്ധതി ആരംഭിച്ചത്. രക്ഷകരെ കേസുകളിൽ നിന്ന് ഒഴിവാക്കാൻ 134എ വകുപ്പ് ഉൾപ്പെടുത്തി മോട്ടോർ വാഹന നിയമം 2019ൽ ഭേദഗതി ചെയ്തിരുന്നു.