എയിംസ് കോഴിക്കോട്ട്, നടപടികൾ വേഗത്തിലാക്കി സർക്കാർ, ഭൂമി കൈമാറാൻ അനുമതി
ദില്ലി/ തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തത്വത്തിൽ അനുമതി നൽകിയ സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കി സംസ്ഥാനസർക്കാർ. ഭൂമി കൈമാറാൻ അനുമതി നൽകി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. കോഴിക്കോട് എയിംസിനായി കണ്ടെത്തിയ കിനാലൂരിലെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറാനാണ് അനുമതി നൽകിയിരിക്കുന്നത്. വ്യവസായവകുപ്പിന്‍റെ ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് കെ മുരളീധരന്‍ എം.പി കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതിനാണ് കേരളത്തിൽ തത്വത്തിൽ എയിംസ് സ്ഥാപിക്കാൻ അനുമതിയായതായി കേന്ദ്രം രേഖാമൂലം അറിയിച്ചത്. കേരളത്തിനും ഇതുമായി ബന്ധപ്പെട്ടുള്ള കത്ത് കേന്ദ്രം കൈമാറിയിട്ടുണ്ട്. അനുകൂലമായ സ്ഥലങ്ങള്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ച് കേരളത്തിനും കേന്ദ്രം കത്ത് കൈമാറിയിട്ടുണ്ട്. ഇതുപ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിൽ കോഴിക്കോട്ടെ കിനാലൂരിലാണ് ഭൂമി കൈമാറാൻ അനുമതി നൽകിയിരിക്കുന്നത്.