ക്രിസ്ത്യൻ പെൺകുട്ടി ആർസൂവിനെ അഭയ കേന്ദ്രത്തിലേക്ക് മാറ്റാൻ നിർദ്ദേശം

0

ഇസ്‌ളാമാബാദ്: പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ പതിമൂന്നു വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടി ആർസൂ രാജയുടെ കേസിൽ നവംബർ അഞ്ചിന് വീണ്ടും വാദം കേൾക്കും. അതേസമയം തട്ടിക്കൊണ്ടു പോയി മതം മാറ്റിയ പ്രതിയ്ക്കൊപ്പം ജീവിക്കാൻ പെൺകുട്ടിയോട് നിർദ്ദേശിച്ച സിന്ധ് ഹൈക്കോടതി പൊതു സമൂഹത്തിൽ നിന്നുയർന്ന വ്യാപക പ്രതിഷേധത്തെ തുടർന്നു നിലപാടിൽ അയവു വരുത്തി. പെൺകുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു.

ഇക്കഴിഞ്ഞ ഒക്ടോബർ 13നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആർസൂവിനെ വിവാഹിതനായ അലി അസ്ഹർ എന്ന നാൽപ്പതുകാരൻ തട്ടിക്കൊണ്ടുപോയത്. ആർസൂവിന്റെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടെങ്കിലും, ആർസുവിന് 18 വയസ്സ് തികഞ്ഞെന്നും, അവൾ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തുവെന്നും, സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹമെന്നും പ്രഖ്യാപിക്കുന്ന വിവാഹ സർട്ടിഫിക്കറ്റ് ഭർത്താവ് ഹാജരാക്കിയിട്ടുണ്ടെന്ന മറുപടിയായിരുന്നു രണ്ടു ദിവസങ്ങൾക്ക് ശേഷം അധികാരികളിൽ നിന്ന് ലഭിച്ചത്. എന്നാൽ ഈ വാഗ്വാദങ്ങൾക്കെതിരെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തി കുടുംബം രംഗത്തുവന്നെങ്കിലും ഇത് ചെവികൊള്ളാൻ കോടതി തയാറായിരിന്നില്ല.

ഇതേ തുടർന്നു നാടകീയ രംഗങ്ങളാണ് കോടതി മുറ്റത്ത് അരങ്ങേറിയത്. തന്റെ അമ്മക്കരികിലേക്ക് ഓടാൻ തുനിഞ്ഞ ആർസൂവിനെ അലി അസ്ഹർ ബലമായി പിടിച്ചുനിറുത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ വെളിപ്പെടുത്തി. ഇതിനിടെ മകളെ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കോടതി മുറ്റത്ത് വാവിട്ട് കരയുന്ന ആർസൂ\വിന്റെ അമ്മയുടെ ദയനീയ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലേ പെൺകുട്ടിയുടെ മോചനം ആവശ്യപ്പെട്ട് നൂറുകണക്കിനാളുകൾ പ്രതിഷേധ ധർണ്ണയിലേക്ക് പ്രവേശിക്കുകയായിരിന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആർസൂവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റാലികൾ നടന്നു.

അതേസമയം വ്യാപക പ്രതിഷേധത്തെ തുടർന്നു പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി.പി.പി) ചെയർപേഴ്സൺ ബിലാവൽ ഭൂട്ടോ സർദാരി വിഷയത്തിൽ പ്രതികരണം നടത്തി. ആർസൂവിന്റെ കേസ് ബാലവിവാഹത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി കോടതി വിധി പുനഃപരിശോധിക്കണമെന്നും, ഇക്കാര്യത്തിൽ കോടതിക്ക് എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കണമെന്നും, ആർസൂവിന് നീതി ലഭിക്കുവാൻ കോടതിയാൽ കഴിയുന്നതെല്ലാം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിന്ധ് ഗവൺമെന്റ് (ജി.ഒ.എസ്) കോടതിയെ സമീപിച്ചു. നവംബർ അഞ്ചിന് അനുകൂല വിധി ലഭിക്കുവാൻ പ്രാർത്ഥനയുമായി കഴിയുകയാണ് പാക്ക് ക്രൈസ്തവർ.

You might also like