ജെറുസലേമിലെ പ്രധാന ആകർഷണമായ ദാവീദിന്റെ ഗോപുരത്തിന്റെ പുനരുദ്ധാരണം പുരോഗമിക്കുന്നു..
ജെറുസലേം: വിശുദ്ധ നാട്ടിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ ദാവീദിന്റെ ഗോപുരത്തിന്റെ പുനരുദ്ധാരണം പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കോവിഡ് മഹാമാരിയെ തുടർന്നു സന്ദർശകർ ഒഴിഞ്ഞ സാഹചര്യം കണക്കിലെടുത്താണ് കഴിഞ്ഞ വർഷം മാത്രം ഏതാണ്ട് അഞ്ചു ലക്ഷത്തോളം സന്ദർശകരെ ആകർഷിച്ച ഈ പുരാതന ചരിത്ര സ്മാരകം പുനരുദ്ധരിക്കുവാൻ തീരുമാനിച്ചത്. ബൈബിളിൽ പരാമർശിക്കുന്ന ചരിത്ര സ്മാരകത്തിന് ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറോളം വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ തന്നെ ആരംഭിക്കുകയായിരിന്നു. ബൈബിളിലെ ഉത്തമഗീതങ്ങളിലാണ് ആദ്യമായി ദാവീദിന്റെ ഗോപുരത്തെക്കുറിച്ച് പരാമർശിച്ചു കാണുന്നത്.
ടവർ ഓഫ് ഡേവിഡ് മ്യൂസിയത്തിൽ ഒരു പുതിയ സന്ദർശക കേന്ദ്രവും, പ്രവേശന കവാടവും നിർമ്മിക്കുവാനും മ്യൂസിയത്തിന്റെ വലിപ്പവും വർദ്ധിപ്പിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പുനരുദ്ധാരണത്തിന്റെ ഭാഗമായി നടക്കുന്ന ഉദ്ഖനനത്തിൽ പുരാവസ്തു പ്രാധാന്യമുള്ള ചില കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. പടിഞ്ഞാറൻ ഗോപുരത്തിന്റെ അടിയിലായി ഒരു ഭൂഗർഭ അറ കണ്ടെത്തിയതാണ് ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. മദ്ധ്യകാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഈ അറ നഗരമതിലുകളുടെ അടിയിലൂടെ പോകുന്ന തുരങ്കത്തോട് കൂടിയ ഒരു മാലിന്യ നിർമ്മാർജ്ജന കുഴിയായിരുന്നുവെന്ന് ഈ അറയിൽ നടത്തിയ പരിശോധനകളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇവിടെ നടത്തുന്ന പരിശോധനകളിൽ കൂടുതൽ വസ്തുക്കൾ കണ്ടെത്തുവാൻ കഴിയുമെന്ൻ പ്രതീക്ഷിക്കുന്നതായി ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റിയിലെ പുരാവസ്തു ഗവേഷകനായ അമിത് റീം പറയുന്നു.