പ്രതിദിന ചിന്ത | എന്നും എന്നേക്കും ദൈവനാമത്തിലുള്ള നടത്തം
മീഖാ. 4:5 “സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.”
യിസ്രായേലിന്റെ ഭാവികാല മഹത്വവും സമാധാന അന്തരീക്ഷവും (4:1-8), യിസ്രായേലിന്റെ നിലവിളിയും ദൈവത്താലുള്ള വിജയഭേരിയും (4:9-13) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
ജാതികളുമായുള്ള താരതമ്യത്തിൽ ദൈവാവബോധം പ്രകടമാക്കുന്ന യിസ്രായേലിന്റെ ചിത്രമാണിവിടെ വരച്ചു കാട്ടിയിരിക്കുന്നത്. “അതാതു ജാതി താന്താന്റെ ദേവന്മാരെ ഉണ്ടാക്കി” (2 രാജാ. 17:29) എന്ന പ്രസ്താവന ചേർത്തു ധ്യാനിച്ചാലും! അന്യജാതികളുമായി ഇടകലർന്നു പോയ യിസ്രായേലും അവരുടെ ദേവന്മാരെ സൃഷ്ടിച്ചെന്ന തിരുവെഴുത്തുകളുടെ സാക്ഷ്യപ്പെടുത്തലും ഒത്തു നോക്കിയാലും! “നീ ഉണ്ടാക്കീട്ടുള്ള നിന്റെ ദേവന്മാർ എവിടെ? കഷ്ടകാലത്തു നിന്നെ രക്ഷിപ്പാൻ അവർക്കു കഴിവുണ്ടെങ്കിൽ അവർ എഴുന്നേൽക്കട്ടെ; അയ്യോ യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരും ഉണ്ടല്ലോ”! (യിര. 2:28; ഒ. നോ. 11:13) എന്ന വാക്യം അതിനുള്ള ഉദാഹരണമാണ്. യിസ്രായേലിന്റെ ചരിത്രത്തിലേക്കുള്ള വിരൽചൂണ്ടലിൽ പ്രസക്തമായ ഒരടയാളപ്പെടുത്തലാണ് മേൽപ്പറയപ്പെട്ട സംഗതി. എന്നാൽ ആ കാലങ്ങളിൽ കാര്യമായ പുരോഗമനമൊന്നും ജനം പ്രാപിച്ചില്ല എന്നതോ പോകട്ടെ, തകർച്ചയിൽ നിന്നും തകർച്ചയിലേക്കും അധഃപതനത്തിൽ നിന്നും അധഃപതനത്തിലേക്കും കൂപ്പുകുത്തിയ യിസ്രായേലിന്റെ തിരിഞ്ഞുനോട്ടം പ്രസ്താവ്യമായ വസ്തുതയായി പ്രവാചകൻ ചൂണ്ടിക്കാണിക്കുന്നു. ജാതീയ ആരാധനയുടെ പ്രയോജനങ്ങളുടെ അടിസ്ഥാനത്തിലല്ല, പ്രത്യുത, ദൈവത്തിങ്കലേക്കു തിരിയുന്നതിന്റെ മഹത്വമാണ് ജനം മുൻകണ്ടതെന്നു കരുതുന്നതാണെനിക്കിഷ്ടം! ഈ മാനസാന്തരമാകട്ടെ, താത്കാലികമായ ഒരു മുന്നേറ്റം എന്നതിലുപരി, “എന്നും എന്നേക്കും” യഹോവയുടെ നാമത്തിൽ നടക്കുവാനാണ് ജനത്തിന്റെ തീരുമാനമെന്നതും വിശേഷാൽ കുറിക്കൊള്ളേണ്ടതല്ലേ! ജാതികളുടെ ദേവന്മാർ അവരുടെ കൈകളുടെ നിർമ്മിതികൾ മാത്രമാണ്. അവയുടെ പിന്നാലെയുള്ള യാത്രയുടെ നിഷ്ഫലത തിരിച്ചറിയുന്നതാണ് ശരിയായ ദിശയിലൂടെയുള്ള സഞ്ചാരമെന്നു കുറിയ്ക്കുവാനാണ് പ്രേരണ!
പ്രിയരേ, സൃഷ്ടിയെ ഭജിക്കുന്ന ഹീനതയിൽ നിന്നും പിന്തിരിഞ്ഞു സ്രഷ്ടാവിങ്കലേക്കു തിരിയുന്നതല്ലേ ശരിയായ ദൈവാവബോധം! എന്നുമെന്നേക്കും ദൈവനാമത്തിൽ നടക്കുന്നതോളം സൗഭാഗ്യം മറ്റൊന്നുമില്ലെന്നും നാം തിരിച്ചറിയണം.
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.