മനുഷ്യാന്തസ്സിന്റെ അംഗീകാരമാണ് അധികാരത്തിന്റെ ആണിക്കല്ല്: മോൺ.ഡാനിയൽ പാച്ചോ

0

ഒക്ടോബർ  മാസം ഒൻപതാം തീയതി അഭയാർത്ഥികൾക്കായുള്ള യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷൻന്റെ എഴുപത്തിനാലാമത് എക്സിക്യൂട്ടീവ് കമ്മിറ്റി  സമ്മേളനത്തിൽ, വത്തിക്കാൻറെ,സംസ്ഥാനങ്ങളുമായും അന്താരാഷ്‌ട്ര സംഘടനകളുമായും ഉള്ള ബന്ധത്തിനുള്ള വിഭാഗം, ബഹുമുഖ മേഖലയുടെ അണ്ടർ സെക്രട്ടറി മോൺ.ഡാനിയൽ പാച്ചോ പ്രസ്താവന നടത്തി. പ്രസ്താവനയിൽ സമാധാനത്തിനു ഭംഗം വരുത്തുന്ന യുദ്ധങ്ങളുടെ വിനാശകരമായ അവസ്ഥകളെ മോൺസിഞ്ഞോർ എടുത്തു പറഞ്ഞു.

വിവിധ ഭീഷണികൾ മൂലം നിർബന്ധിതമായി കുടിയിറക്കപ്പെട്ട 108 ദശലക്ഷത്തോളം ആളുകളുടെ ദാരുണമായ അവസ്ഥ ചൂണ്ടിക്കാണിച്ചതോടൊപ്പം, ഈ സ്ഥിതിവിവരക്കണക്കുകളിൽ മനുഷ്യമുഖങ്ങളെ മറന്നുപോകരുതെന്നും മോൺസിഞ്ഞോർ ഓർമ്മിപ്പിച്ചു. വിവേചനങ്ങളുടെ വേലിക്കെട്ടുകൾ നിറയുന്ന ലോകത്തിൽ മതപരമായ വിശ്വാസത്തിന്റെയോ,മറ്റു കാര്യങ്ങളുടെയോ അടിസ്ഥാനത്തിൽ മനുഷ്യരെ മാറ്റി നിർത്തുന്ന പ്രവണത ഉൾക്കൊള്ളാനാവില്ലെന്നും മോൺ.പാച്ചോ അടിവരയിട്ടു പറഞ്ഞു.

ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, “നാം ജീവിക്കുന്നത് മനുഷ്യരാശിയുടെ നിർണായക നിമിഷത്തിലാണ്. സമാധാനം യുദ്ധത്തിന് വഴിമാറുന്നതായി തോന്നുന്നു. പൊരുത്തക്കേടുകൾ വളരുകയാണ്, അസ്ഥിരത കൂടുതലായി സ്ഥാപിക്കപ്പെടുന്നുവെന്നും” പറഞ്ഞുകൊണ്ട് മോൺസിഞ്ഞോർ അപകടകരമായ അവസ്ഥയെ വിവരിച്ചു.

ഏതൊരു ആധികാരികതയുടെയും ആണിക്കല്ലാണ് മനുഷ്യന്റെ അന്തസ്സിന്റെ അംഗീകാരമെന്നും അതിനാൽ അഭയാർത്ഥികൾക്ക് നൽകുന്ന സംരക്ഷണം  ഭിക്ഷയല്ല മറിച്ച് അവരുടെ  അവകാശങ്ങളുടെയും കടമകളുടെയും അംഗീകാരമാണെന്നും മോൺസിഞ്ഞോർ അടിവരയിട്ടു പറഞ്ഞു.വികസ്വര രാജ്യങ്ങളിന്മേലുള്ള വികസിത രാജ്യങ്ങളുടെ കടന്നുകയറ്റത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ ഉത്ക്കണ്ഠയും മോൺസിഞ്ഞോർ സൂചിപ്പിച്ചു.

കരയിലും,കടലിലും  നഷ്‌ടപ്പെടുന്ന ജീവിതങ്ങളുടെ ദുരന്തങ്ങൾ നാം എപ്പോഴും  കണ്ടു കൊണ്ടിരിക്കുന്നത് ഖേദകരമാണ് അതിനാൽ ആവശ്യമായ  നടപടികളെടുക്കാതെ ഇത്തരം ദുരന്തങ്ങൾ അവസാനിക്കില്ലെന്നും മോൺ.പാച്ചോ കൂട്ടിച്ചേർത്തു.

You might also like