ഭീഷണിയുമായി ഹമാസ്; ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഒരു ബന്ദിയും ജീവനോടെ പോകില്ല

0

ടെല്‍അവീവ്: യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും ചര്‍ച്ചകള്‍ നടക്കുമ്പോഴും ഗാസയില്‍ ഹമാസിനെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. പ്രതിരോധമെന്നോണം ഭീഷണിയുമായി ഹമാസും രംഗത്ത്. അതേസമയം യുദ്ധത്തില്‍ മരണം ഇരുപതിനായിരം അടുക്കുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ഒരു ബന്ദിയും ജീവനോടെ പ്രദേശം വിടില്ലെന്നാണ് ഹമാസിന്റെ ഭീഷണി. ഈ മുന്നറിയിപ്പ് അവഗണിച്ചാണ് കഴിഞ്ഞ ദിവസവും ഇസ്രായേല്‍ സൈന്യം ഗാസയിലേക്ക് വ്യോമാക്രമണം നടത്തിയത്.
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കൃത്യമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ബലം പ്രയോഗിച്ച് മോചിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ കൊല്ലപ്പെട്ടത് ഓര്‍മ്മപ്പെടുത്തലാണെന്നും ഹമാസ് വക്താവ് അബു ഉബൈദ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരെ തിരഞ്ഞ് കണ്ടുപിടിക്കുന്നതിനായി നിയോഗിച്ച ഇസ്രായേല്‍ സൈനിക തലവന്‍ യുഹ യെഗോര്‍ ഹിര്‍ഷ്ബര്‍ഗ് കൊല്ലപ്പെട്ടത് സൂചിപ്പിച്ചായിരുന്നു ഉബൈദയുടെ പരാമര്‍ശം. 137 ബന്ദികള്‍ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലുണ്ടെന്ന് ഇസ്രായേല്‍ പറയുന്നു. എന്നാല്‍ ഏകദേശം 7000 പാലസ്തീനികള്‍ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പേര്‍ട്ട്.

ഇന്നലെ ഖാന്‍ യൂനിസ് ഏരിയയില്‍ അഞ്ചാം ബ്രിഗേഡിന്റെ 8111-ാം ബറ്റാലിയനും ഹമാസ് ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ ഐഡിഎഫ് പുറത്തുവിട്ടു. ഹമാസ് ഭീകരര്‍ ഒരു സ്‌കൂളില്‍ നിന്ന് സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 8111-ാം ബറ്റാലിയനിലെ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതോടെ ഹമാസിനെതിരായ കര ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 104 ആയതായി ഐഡിഎഫ് അറിയിച്ചു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 19,419 ആയി. 1,147 ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 17,997 പേരും വെസ്റ്റ് ബാങ്കിലെ ആക്രമണത്തില്‍ 275 പേരും കൊല്ലപ്പെട്ടു

You might also like