തേവലക്കരയില്‍ വയോധികയെ മരുമകള്‍ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു.

0

കൊല്ലം – തേവലക്കരയില്‍ വയോധികയെ മരുമകള്‍ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. കൊല്ലം എസ് പിയോട് റിപ്പോര്‍ട്ട് തേടി. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം. ആറര വര്‍ഷത്തോളമായി മരുമകള്‍ തന്നെ തുടര്‍ച്ചയായി ഉപദ്രവിച്ചുവരികയാണെന്ന് 80 വയസുകാരിയായ ഏലിയാമ്മ വര്‍ഗീസ് വെളിപ്പെടുത്തിയിരുന്നു. വൃത്തിയില്ലെന്ന കാരണം പറഞ്ഞാണ് മരുമകള്‍ മഞ്ജുമോള്‍ തോമസ് വയോധികയെ മര്‍ദിച്ചിരുന്നത്. ഇടയ്ക്കിടെ വീട്ടില്‍ പൂട്ടിയിടാറുമുണ്ടെന്നും മര്‍ദനത്തിനിടെ താന്‍ നിലത്തേക്ക് വീണാല്‍ നിലത്തിട്ട് ചവിട്ടാറുണ്ടെന്നും വയോധിക പറഞ്ഞിരുന്നു. ഹയര്‍ സെക്കന്ററി അധ്യാപികയായ മഞ്ജുമോളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏലിയാമ്മയുടെ പേരിലുള്ള വസ്തു എഴുതി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. വയോധികയെ മരുമകള്‍ പിടിച്ചുതള്ളുന്നതായും വയോധിക നിലത്തേക്ക് മറിഞ്ഞുവീഴുന്നതായും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിക്കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് മഞ്ജുമോളെ അറസ്റ്റ് ചെയ്തത്.

You might also like