ഇസ്ലാം മതസ്ഥരെ യേശുവിലേക്ക് നയിച്ചു: ഉഗാണ്ടയില്‍ ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി
കംപാല: ഇസ്ലാം മതസ്ഥരെ യേശുവിലേക്ക് നയിക്കുന്നുവെന്നു ആരോപിച്ച് കിഴക്കൻ ഉഗാണ്ടയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തി. കിസാ മസോളോ എന്ന 45 വയസ്സുകാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. തെരുവുകളിൽ സുവിശേഷം പങ്കുവെച്ചതിനുശേഷം സ്വന്തം ഗ്രാമമായ നക്കിട്ടിക്കുവിലെ വീട്ടിലായിരിക്കുന്ന സമയത്ത് ഇസ്ലാമിക വസ്ത്രങ്ങളും, മുഖംമൂടിയും ധരിച്ച് എത്തിയ ഏഴു പേർ ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറി മകനെ പിടിച്ചുകൊണ്ടു പോവുകയായിരുന്നുവെന്ന് മസോളോയുടെ അമ്മയായ നോറ നാൻണ്ടേജി വെളിപ്പെടുത്തി.
അല്ലാഹുവിന് നിങ്ങളുടെ മകൻ അനിഷ്ടം ഉണ്ടാക്കിയിരിക്കുകയാണെന്നും, തങ്ങൾ എത്തിയിരിക്കുന്നത് അവനെ ശിക്ഷിക്കാൻ ആണെന്നും അമ്മയോട് അവർ ഇതിനിടയിൽ പറഞ്ഞിരിന്നു. പിറ്റേദിവസം അധികൃതരുമായി നടത്തിയ അന്വേഷണത്തിൽ ഒരു കുറ്റിക്കാട്ടിൽ നിന്നും മസോളോയുടെ ജീവനറ്റ ശരീരം കണ്ടെത്തുകയായിരുന്ന. മുസ്ലിം സഹോദരി സഹോദരന്മാരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യരുത് എന്ന് മുന്നറിയിപ്പ് നൽകിയിരുന്നത് ലംഘിക്കപ്പെട്ടുവെന്നും അത് ജീവൻ നഷ്ടമാകാൻ കാരണമായെന്നും സമീപത്തുനിന്ന് കണ്ടെത്തിയ ഒരു കുറിപ്പിൽ അറബി ഭാഷയിൽ എഴുതിയിരുന്നു.
മകൻറെ ഫോണിലേക്ക് ഇസ്ലാമിലേക്ക് പരിവർത്തനം നടത്തുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങൾ എത്തിയിരുന്നുവെന്ന് നോറ പറഞ്ഞു. ശ്രദ്ധിക്കണമെന്ന് മകന് താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും തൻറെ ജീവിതം ദൈവത്തിൻറെ കൈയിലാണെന്നും യേശുക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കാനാണ് താൻ വിളിക്കപ്പെട്ടിരിക്കുന്നതെന്നുമാണ് അവൻ പ്രതികരിച്ചതെന്ന് അമ്മ വെളിപ്പെടുത്തി. ശിരസ്സിലും, കഴുത്തിലും ആഴത്തിൽ മുറിവുകളുള്ള രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉഗാണ്ടയിലെ ജനസംഖ്യയുടെ 12% മാത്രമാണ് മുസ്ലിം മത വിശ്വാസികൾ ഉളളതെങ്കിലും ക്രൈസ്തവർക്കെതിരെ നിരവധി ആക്രമണങ്ങളാണ് പലസ്ഥലങ്ങളിലും അരങ്ങേറുന്നത്.