പൂനെയിലെ ലോണാവാലയിൽ വെള്ളച്ചാട്ടം കാണാനെത്തിയ ഒരു കുടുംബത്തിലെ ഏഴംഗങ്ങൾ ഒഴുക്കിൽപ്പെട്ടു
പൂനെ: പൂനെയിലെ ലോണാവാലയിലെ ഭൂഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം കാണാനെത്തിയ ഒരു കുടുംബത്തിലെ ഏഴംഗങ്ങൾ ഒഴുക്കിൽപ്പെട്ടു. രണ്ടുപേർ നീന്തി രക്ഷപ്പെട്ടെങ്കിലും മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. രണ്ടുപേർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. നാലും ഒമ്പതും വയസ് പ്രായമുള്ള രണ്ട് കുട്ടികളെയാണ് കാണാതായത്. ഷാഹിസ്ത ലിയാഖത്ത് അൻസാരി (36), അമീമ ആദിൽ അൻസാരി (13), ഉമേര ആദിൽ അൻസാരി (8) എന്നിവരാണ് മരിച്ചത്. താഴെയുള്ള റിസർവോയറിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. അദ്നാൻ സഭാഹത് അൻസാരി (4), മരിയ അഖിൽ അൻസാരി (9) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്ന് തിരച്ചിൽ പുനരാരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.