രാജ്യത്ത് റോഡപകടങ്ങള്‍ കുറച്ച് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.

0

ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടങ്ങള്‍ കുറച്ച് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. നെറ്റ് വര്‍ക്ക് ഇല്ലാതെ തന്നെ വാഹനങ്ങള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ സാധിക്കുന്ന വെഹിക്കിള്‍-ടു-വെഹിക്കിള്‍ (വി-ടു-വി) കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ശ്രമം.

പുതിയ സംവിധാനം വരുന്നതോടെ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പരസ്പരം സംവദിക്കാനും മൊബൈല്‍ നെറ്റ് വര്‍ക്കുകളെയോ ഇന്റര്‍നെറ്റിനെയോ ആശ്രയിക്കാതെ തന്നെ നിരത്തുകളിലെ അപകടങ്ങളെ കുറിച്ച് മുന്‍കൂട്ടി അറിയിക്കുന്നതിനും തത്സമയം സുരക്ഷാ അലേര്‍ട്ടുകള്‍ അപ്‌ഡേറ്റ് പങ്കിടാനും സാധിക്കും.

സംസ്ഥാന ഗതാഗത മന്ത്രിമാരുടെ വാര്‍ഷിക യോഗത്തിന് ശേഷം കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന സിം കാര്‍ഡ് പോലുള്ള ഒരു ഉപകരണം വഴിയായിരിക്കും ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഏത് ദിശയില്‍ നിന്നായാലും മറ്റൊരു വാഹനം വളരെ അടുത്തെത്തുമ്പോള്‍ വാഹനങ്ങള്‍ക്ക് തത്സമയ മുന്നറിയിപ്പുകള്‍ ലഭിക്കും.

റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് പിന്നില്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്ന മറ്റു വാഹനങ്ങള്‍ ഇടിക്കുന്നതും മൂടല്‍മഞ്ഞ് പോലുള്ള സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളും തടയാന്‍ ഈ സംവിധാനം ഫലപ്രദമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു

You might also like