
സമാധാനം ഇനിയും അകലെ; ഇറാഖ് അതിർത്തിയിൽ വീണ്ടും യുദ്ധഭീതി; ആശങ്കയറിയിച്ച് ആർച്ച് ബിഷപ്പ്
ബാഗ്ദാദ്: ഇറാഖ്-സിറിയ അതിർത്തിയിലെ പുതിയ നീക്കങ്ങളും ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ഭീഷണിയും ഇറാഖിലെ ക്രൈസ്തവ സമൂഹത്തെ വീണ്ടും ഭീതിയിലാഴ്ത്തുന്നു. സിറിയൻ ജയിലുകളിൽ കഴിയുന്ന ഐ.എസ് തടവുകാരെ ഇറാഖിലെ ‘സുരക്ഷിത കേന്ദ്രങ്ങളിലേക്ക്’ മാറ്റാനുള്ള നീക്കമാണ് ആശങ്കയ്ക്ക് പ്രധാന കാരണം.
ഇറാഖിൽ നാശം വിതച്ച ഐ.എസ് ഭീകരരുമായി ബന്ധമുള്ള നിരവധി പേർ സിറിയൻ ജയിലുകളിലുണ്ട്. ഇവരെ ഇറാഖ് സർക്കാർ പുതിയ താവളങ്ങളിലേക്ക് മാറ്റുന്നതോടെ പുറത്തുനിന്നുള്ള ഐ. എസ് കേന്ദ്രങ്ങൾ ജയിൽ ആക്രമണത്തിനും മോചനത്തിനും ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് മേഖലയെ വീണ്ടും കലാപഭൂമിയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
സമാധാനം ആഗ്രഹിക്കുന്ന ഇറാഖി കുടുംബങ്ങൾക്കിടയിൽ അക്രമത്തിന്റെ തിരിച്ചുവരവ് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നതെന്ന് ഇർബിലിലെ കൽദായ ആർച്ച് ബിഷപ്പ് ബഷർ വാർദ പറഞ്ഞു. “ഇറാഖിലെ ക്രൈസ്തവ സമൂഹങ്ങൾ അനുഭവിച്ച ചരിത്രപരമായ അക്രമങ്ങളും വിഭാഗീയ സംഘർഷങ്ങളും മറക്കാൻ കഴിയില്ല. ഇറാഖിലെ മൂന്നിൽ രണ്ട് ഭാഗം ക്രിസ്ത്യാനികളും പലായനം ചെയ്തത് ഇഷ്ടം കൊണ്ടല്ല, മറിച്ച് മാതൃരാജ്യത്തിന് തങ്ങളെ സംരക്ഷിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് കൊണ്ടാണ്,” അദേഹം വ്യക്തമാക്കി
