സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന നേറ്റിവിറ്റി കാര്‍ഡിന് മന്ത്രിസഭയുടെ അംഗീകാരം

0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന നേറ്റിവിറ്റി കാര്‍ഡിന് മന്ത്രിസഭയുടെ അംഗീകാരം. നിലവില്‍ വില്ലേജ് ഓഫിസില്‍ നിന്ന് ലഭിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായാണ് ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് സര്‍ക്കാര്‍ നല്‍കുക.

നടപ്പ് സമ്മേളനത്തില്‍ ബില്‍ നിയമസഭയില്‍ കൊണ്ടുവരാനാണ് ശ്രമം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നേറ്റിവിറ്റി കാര്‍ഡ് നല്‍കാനുള്ള തീരുമാനത്തില്‍ തുടര്‍ നടപടിയുണ്ടായത്. എസ്‌ഐആര്‍ മത ന്യൂനപക്ഷങ്ങളില്‍ ഉണ്ടാക്കിയ ആശങ്ക അകറ്റാനായി നേറ്റിവിറ്റി കാര്‍ഡ് എന്നാണ് ഇതു സംബന്ധിച്ച് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞത്.

പൗരത്വം തെളിയിക്കാന്‍ നേറ്റിവിറ്റി കാര്‍ഡ് ഫലപ്രദമായ രേഖയാകുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ പൗരത്വവും പൗരത്വ കാര്‍ഡും നല്‍കാനുള്ള അധികാരം കേന്ദ്രത്തിനാണ്. ഈ സാഹചര്യത്തില്‍ ബില്‍ പാസാക്കിയാലും അതിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുമോയെന്നത് നിര്‍ണായകമാണ്.

സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന നേറ്റിവിറ്റി കാര്‍ഡിന് നിയമ നിര്‍മാണം നടത്താന്‍ 20 കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ നീക്കി വെച്ചിരുന്നു. എസ്‌ഐആര്‍ നടപ്പിലാക്കുന്നത് ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടെ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തലമുറകളായി കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാനം നേറ്റിവിറ്റി കാര്‍ഡ് എന്ന രേഖ നല്‍കുന്നതെന്നാണ് ബജറ്റില്‍ ധനമന്ത്രി കെ.എന്‍ രാജഗോപാല്‍ വിശദീകരിച്ചത്.

ഫോട്ടോ പതിച്ച കാര്‍ഡ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഗുണഭോക്തൃ തിരിച്ചറിയില്‍ രേഖയായും ഉപയോഗിക്കാം. തഹസില്‍ദാര്‍മാര്‍ക്കായിരിക്കും കാര്‍ഡിന്റെ വിതരണ ചുമതല.

You might also like