ഇറക്കുമതിയിൽ തടസ്സമുണ്ടായാൽ ഇന്ത്യയുടെ തന്ത്രപ്രധാനമായ അസംസ്കൃത എണ്ണ ശേഖരം 10 ദിവസത്തേക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂവെന്ന് റിപ്പോർട്ട്

0

ന്യൂഡൽഹി: ഇറക്കുമതിയിൽ തടസ്സമുണ്ടായാൽ ഇന്ത്യയുടെ തന്ത്രപ്രധാനമായ അസംസ്കൃത എണ്ണ ശേഖരം (എസ്പിആർ) ഏകദേശം 10 ദിവസത്തേക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂവെന്ന് റിപ്പോർട്ട്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിൽ നിന്നുള്ള വിവരാവകാശ രേഖകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പശ്ചിമേഷ്യയിലെ സംഘർഷം വിപണികളെയാകെ സമ്മർദത്തിലാക്കിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വിവരം പുറത്തുവരുന്നത്. ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാനമേഖലയാണിത്.

നിലവിലെ സംഘർഷം എണ്ണ വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല, ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതവും ആശങ്കയിലാണ്. ഈ ഘട്ടത്തിൽ വിതരണ ശൃംഖലകളെയടക്കം ഇത് ബാധിച്ചു. എണ്ണ വിലയിൽ ഇനിയും വലിയ തോതിലുള്ള വർധന ഉണ്ടായാൽ അത് ഇന്ത്യയെ ബാധിക്കുമെന്നുറപ്പാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഇറക്കുമതിയെ ആശ്രയിക്കുന്നവരാണ്. ആവശ്യമായ അസംസ്കൃത എണ്ണയുടെ 85%-ത്തിലധികം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വിലയിലെ മാറ്റങ്ങളും മറ്റ് സംഭവ വികാസങ്ങളുമൊക്കെ ഈ ഇറക്കുമതിയെ ബാധിക്കും.

You might also like