സോഷ്യല്‍ മീഡിയ വ്യക്തികളില്‍ ആസക്തി ഉണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നു; മെറ്റയ്ക്കും യുട്യൂബിനും പിഴ

0

ന്യൂയോര്‍ക്ക്: വ്യക്തികളില്‍ ആസക്തിയുണ്ടാക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയില്‍ മെറ്റയ്ക്കും ഗൂഗിളിനും പിഴ ചുമത്തി ലോസ് ആഞ്ചല്‍സിലെ കോടതി. ഇന്‍സ്റ്റഗ്രാമിന്റെ മാതൃ സ്ഥാപനമായ മെറ്റ 4.2 മില്യണ്‍ ഡോളറും യുട്യൂബിന്റെ മാതൃ സ്ഥാപനമായ ഗൂഗിള്‍ 1.8 മില്യണ്‍ ഡോളറും നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്.

ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം കാരണം നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി കാലിഫോര്‍ണിയ സ്വദേശിനിയായ ഇരുപതുകാരിയാണ് കോടതിയെ സമീപിച്ചത്. ഒമ്പത് ദിവസങ്ങളിലായി 40 മണിക്കൂറിലധികം നീണ്ട വാദങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറഞ്ഞത്. മെറ്റയും യൂട്യൂബും അവരുടെ പ്ലാറ്റ്‌ഫോമുകളുടെ രൂപകല്‍പന, പ്രവര്‍ത്തനം എന്നിവയില്‍ മതിയായ ശ്രദ്ധ കാണിച്ചില്ലെന്ന് കോടതി വിലയിരുത്തി.

ആഗോള ഡിജിറ്റല്‍ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് വിധിയെന്നാണ് വിലയിരുത്തല്‍. സോഷ്യല്‍ മീഡിയ മേഖലയിലെ ഭീമന്‍ കമ്പനികളായ മെറ്റയ്ക്കും ഗൂഗിളിനും ഇപ്പോള്‍ ചുമത്തിയിരിക്കുന്ന പിഴത്തുക വളരെ ചെറുതാണെങ്കിലും സമാനമായ നിയമ നടപടികള്‍ ഇനിയും ഉണ്ടായേക്കും.

അതേസമയം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മെറ്റയും ഗുഗിളും വ്യക്തമാക്കി. വിധിയോട് ബഹുമാന പൂര്‍വം വിയോജിക്കുന്നു എന്നായിരുന്നു മെറ്റയുടേയും ഗൂഗിളിന്റെയും പ്രതികരണം

You might also like