
വനിതാ സംവരണ ബില്‍ അടക്കമുള്ളവ ചര്‍ച്ച ചെയ്യാനായി പാര്‍ലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ അടക്കമുള്ളവ ചര്‍ച്ച ചെയ്യാനായി പാര്‍ലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 2029 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വനിതാ സംവരണം നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള നിയമ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ലോക്സഭ കടന്നാല്‍ ശനിയാഴ്ച ബില്ല് രാജ്യസഭയില്‍ എത്തും.
വനിതാ സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി മൂന്ന് ഭേദഗതി ബില്ലുകളാണ് 16 മുതല്‍ 18 വരെ നീളുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുക. ബില്ലിന്മേല്‍ ലോക്‌സഭയില്‍ 18 മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിട്ടുള്ളത്. ചര്‍ച്ചയുടെ ആദ്യ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിക്കും. രാജ്യസഭയില്‍ 16 മണിക്കൂറാണ് ചര്‍ച്ചയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം അംഗങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ത്തിക്കൊണ്ട് സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് ഇന്ത്യാ സഖ്യം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. നിലവിലെ 543 ലോക്സഭാ സീറ്റുകള്‍ 850 ആയി ഉയര്‍ത്താനാണ് ബില്ലിലെ നിര്‍ദേശം. അംഗങ്ങളുടെ എണ്ണം ഏകദേശം 50 ശതമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഓരോ സംസ്ഥാനത്തും എത്ര സീറ്റുകള്‍ വീതം കൂടുമെന്ന കാര്യത്തില്‍ ബില്ല് വ്യക്തത നല്‍കിയിട്ടില്ല. കേന്ദ്രത്തിന്റെ 50 ശതമാനം സീറ്റ് വര്‍ധന ഫോര്‍മുല നടപ്പിലായാല്‍ കേരളത്തിലെ ലോക്സഭാ സീറ്റുകള്‍ 20 ല്‍ നിന്നും 30 ആയി ഉയരും
