
ബിഡിഎസ് വിദ്യാര്‍ഥി നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ.കെ. റാമിനെ പുറത്താക്കി
കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ഥി നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ.കെ. റാമിനെ പുറത്താക്കിയതായി അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് മാനേജ്മെൻ്റ്. രക്ഷിതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇയാളെ നേരത്തെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു നിതിന്‍ രാജ്.കോളജിലെ ഓറല്‍ പാത്തോളജി വിഭാഗം മേധാവിയാണ് ഡോ. കെ. റാം. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റാമിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം,പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
റാമിനെതിരെ നിരവധി വിദ്യാര്‍ഥികളാണ് രംഗത്തെത്തിയത്. മോശമായി പെരുമാറുന്നയാളാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. മുമ്പ് നടപടി നേരിട്ടിരുന്നുവെന്നും ഇവര്‍ പറയുന്നു. ജൂനിയര്‍ ബാച്ചിലെ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അധ്യാപകനെതിരെ രണ്ട് മാസത്തെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചുവെന്ന് കോളജിലെ വിദ്യാര്‍ഥികള്‍ പ്രതികരിച്ചിരുന്നു.
