
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: തീവ്ര മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന് മധ്യ-കിഴക്കന്‍ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലകൊള്ളുന്നുണ്ട്. കൂടാതെ വടക്കന്‍ തെലങ്കാനയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായുള്ള ചക്രവാത ചുഴി തുടരുന്നു. ജൂണ്‍ 29 മുതല്‍ ജൂലൈ മൂന്ന് തിയതികളില്‍ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
