‘പുരുഷന് ‘തലാഖ്’ എന്നപോലെ തന്നെയാണ് സ്ത്രീക്ക് ‘ഖുല’; വിവാഹ മോചനത്തില്‍ മുസ്ലിം സ്ത്രീയുടെ അവകാശം പരമമെന്ന് ഹൈക്കോടതി

0

കൊച്ചി: മുസ്ലിം വ്യക്തി നിയമപ്രകാരം ‘ഖുല’യിലൂടെ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടാല്‍ അതിന് ഭര്‍ത്താവിന്റെ സമ്മതമോ അനുമതിയോ ആവശ്യമില്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി.

വിവാഹ ബന്ധം വേര്‍പെടുത്തുന്നതില്‍ പുരുഷന് ‘തലാഖ്’ എന്നപോലെ ഖുര്‍ആന്‍ സ്ത്രീക്ക് നല്‍കിയിട്ടുള്ള ഏകപക്ഷീയവും പരമവുമായ അവകാശമാണ് ‘ഖുല’യെന്നും ഭാര്യയുടെ ഈ ആവശ്യത്തോട് വിയോജിക്കാന്‍ ഭര്‍ത്താവിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ. നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

ഭാര്യയുടെ ‘ഖുല’ പ്രഖ്യാപനം ശരിവെച്ച കുടുംബക്കോടതി ഉത്തരവിനെതിരെയും ഇക്കാര്യത്തില്‍ സാക്ഷിവിസ്താരവും വിശദമായ വിചാരണയും വേണമെന്ന തന്റെ ആവശ്യം തള്ളിയതിനെതിരെയും ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

2023 ല്‍ വിവാഹിതരായ ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഭാര്യ കുടുംബക്കോടതിയെ സമീപിച്ച് ഖുല പ്രഖ്യാപനം തേടുകയായിരുന്നു. എന്നാല്‍ ഖുല അസാധുവാക്കണമെന്നും മഹ്റും വജ്രാഭരണങ്ങളും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവും കോടതിയെ സമീപിച്ചു. തുടര്‍ന്ന് തെളിവെടുപ്പും വിശദമായ അന്വേഷണവും വേണമെന്ന ഭര്‍ത്താവിന്റെ ഹര്‍ജികള്‍ കുടുംബക്കോടതി തള്ളുകയായിരുന്നു.

കോടതിക്ക് പുറത്തുള്ള ഇത്തരം വിവാഹ മോചനങ്ങളില്‍ കുടുംബക്കോടതികള്‍ വിശദമായ വിചാരണയോ തെളിവെടുപ്പോ നടത്തേണ്ടതില്ലെന്ന് ഹൈക്കോടതി മുന്‍ ഉത്തരവുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കി. ശമീം ആര, ഷായാറാ ബാനോ കേസുകള്‍ ‘മുത്തലാഖു’മായി ബന്ധപ്പെട്ടതാണെന്നും ഖുലമായി അവയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

You might also like