
വോട്ടര്‍ പട്ടിക തിരുത്തല്‍ വിവാദം ആളിക്കത്തുന്നു: ബലം പ്രയോഗിച്ച് രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ തീവ്ര പുനപരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധം ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷത്തിലും അതിനാടകീയ രംഗങ്ങളിലും കലാശിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രതിപക്ഷ എം.പിമാര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് പ്രതിഷേധം രൂക്ഷമായത്.
തുടര്‍ന്ന് ആകാശവാണി ഭവന് മുന്നിലെ ആല്‍മരച്ചുവട്ടില്‍ ഒമ്പത് മണിക്കൂറോളം കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എം.പി പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, ദീപേന്ദര്‍ ഹൂഡ, പവന്‍ ഖേര ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
പൊലീസ് കസ്റ്റഡിയില്‍ പോകാന്‍ വിസമ്മതിക്കുകയും നടപടിയോട് സഹകരിക്കാതിരിക്കുകയും ചെയ്ത രാഹുല്‍ ഗാന്ധിയെ പതിനെട്ടോളം പൊലീസുകാര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റിയ ശേഷവും ജനലിലൂടെ അദേഹം പുറത്തിറങ്ങാന്‍ ശ്രമിച്ചു. പ്രിയങ്കാ ഗാന്ധിയെ വനിതാ പൊലീസെത്തി ബലം പ്രയോഗിച്ചാണ് പൊലീസ് ബസിലേക്ക് മാറ്റിയത്. കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മറ്റ് മുതിര്‍ന്ന നേതാക്കളെയും സമാനമായ രീതിയിലാണ് മാറ്റി പാര്‍പ്പിച്ചത്.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരായ അഭിഷേക് ബാനര്‍ജി, മഹുവ മൊയ്ത്ര, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ ഇന്ത്യാ മുന്നണി നേതാക്കളും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു
