കരുത്തറിയിച്ച് വനിതകൾ; 2028 ഒളിംപിക്‌സ് യോഗ്യത നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം

0

ലൊസാഞ്ചലസ്: 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സിലേക്ക് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം യോഗ്യത നേടി. ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് പുറത്തായെങ്കിലും ഐസിസി പ്രഖ്യാപിച്ച പുതിയ ഒളിംപിക്‌സ് യോഗ്യതാ മാനദണ്ഡങ്ങൾ ഇന്ത്യയ്ക്ക് തുണയാവുകയായിരുന്നു. 128 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുമ്പോൾ ഏഷ്യയിൽ നിന്ന് ഏറ്റവും മികച്ച റാങ്കിംഗുള്ള ടീം എന്ന നിലയിലാണ് ഇന്ത്യ യോഗ്യത ഉറപ്പാക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിശ്ചയിച്ച പുതിയ സംവിധാനമനുസരിച്ച് ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ എന്നീ ഭൂഖണ്ഡങ്ങളിൽ നിന്ന് ഏറ്റവും ഉയർന്ന റാങ്കിലുള്ള ഓരോ ടീമുകൾക്ക് ഒളിംപിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഈ ക്രമീകരണത്തിലൂടെ ഓരോ ഭൂഖണ്ഡത്തിൽ നിന്നും ഒരു പ്രതിനിധിക്ക് മാത്രമാണ് അവസരം. ഇതിൻപ്രകാരം ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ഏറ്റവും മികച്ച ടീമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു.

2028 ലൊസാഞ്ചലസ് ഒളിംപിക്‌സിലെ പുരുഷ-വനിതാ ടി20 വിഭാഗങ്ങളിൽ ആറു ടീമുകൾ വീതമായിരിക്കും മാറ്റുരയ്ക്കുകയെന്ന് ഐസിസി സ്ഥിരീകരിച്ചു. നിലവിൽ ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ (ഓഷ്യാനിയ), ഗ്രേറ്റ് ബ്രിട്ടൻ/ഇംഗ്ലണ്ട് (യൂറോപ്പ്), ദക്ഷിണാഫ്രിക്ക (ആഫ്രിക്ക) എന്നീ ടീമുകളും ഒളിംപിക്‌സ് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ക്രിക്കറ്റിന്റെ ഒളിംപിക്സ് അരങ്ങേറ്റത്തിൽ തങ്ങളുടെ കരുത്തു തെളിയിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ വനിതാ ടീം

You might also like