
റിസര്‍വ് ബാങ്ക് നിയന്ത്രണം കടുപ്പിക്കുന്നു: സംസ്ഥാനങ്ങള്‍ക്ക് ഒ.ഡി ദിനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: ട്രഷറികളില്‍ പണമില്ലാതെ വരുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ റിസര്‍വ് ബാങ്കിന്റെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യത്തെ അമിതമായി ആശ്രയിക്കുന്നതിന് നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ നീക്കം. നിലവില്‍ തുടര്‍ച്ചയായി 14 ദിവസം വരെ ലഭിക്കുന്ന ഒ.ഡി സൗകര്യം 10 ദിവസമായി വെട്ടിച്ചുരുക്കാന്‍ ആര്‍.ബി.ഐ ഉപദേശകസമിതി ശുപാര്‍ശ ചെയ്തു. സാമ്പത്തിക വര്‍ഷത്തിലെ ഒരു പാദത്തില്‍ പരമാവധി ഉപയോഗിക്കാവുന്ന ഒ.ഡി ദിവസങ്ങളുടെ എണ്ണം 36 ല്‍ നിന്ന് 30 ആക്കി കുറയ്ക്കാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ണാടക മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എസ്.എന്‍ പ്രസാദ് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട്, കനത്ത പണഞെരുക്കം നേരിടുന്ന കേരളത്തിന് ഭാവിയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും.
മതിയായ മുന്നൊരുക്കങ്ങളില്ലാതെ സംസ്ഥാനങ്ങള്‍ വായ്പാ സൗകര്യങ്ങളെ ആശ്രയിക്കുന്ന പ്രവണത തടയുകയാണ് ലക്ഷ്യമെന്ന് കേരള ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ കൂടി അംഗമായ സമിതി വ്യക്തമാക്കി. റിസര്‍വ് ബാങ്കുമായുള്ള കരാര്‍ പ്രകാരം ദിവസേന 1.66 കോടി രൂപയുടെ മിനിമം ബാലന്‍സ് സര്‍ക്കാരുകള്‍ നിലനിര്‍ത്തണം. ഇതില്‍ വീഴ്ച വരുമ്പോള്‍ കണ്‍സോളിഡേറ്റഡ് സിങ്കിങ് ഫണ്ട്, ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ഡ്രായിങ് ഫെസിലിറ്റി വഴി 3362.9 കോടി രൂപ വരെയും, വേയ്സ് ആന്‍ഡ് മീന്‍സ് വഴി 2308 കോടി രൂപ വരെയും എടുക്കാം. ഇവ കൊണ്ട് താല്‍ക്കാലിക സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകാതെ വരുമ്പോഴാണ് ഉയര്‍ന്ന പലിശനിരക്കില്‍ സംസ്ഥാനങ്ങള്‍ ഒ.ഡി സൗകര്യം പ്രയോജനപ്പെടുത്തുന്നത്
